കാമുകൻ ക്വട്ടേഷൻ സംഘാംഗം; ട്രെയിനിൽ നിന്നു വീണു പെൺകുട്ടി മരിച്ചു; സംഭവത്തിൽ ദുരൂഹത

ക്രൈം ഡെസ്‌ക്
കോഴിക്കോട്: പെൺകുട്ടികളുടെ ഒളിച്ചോട്ടവും മടങ്ങിവരവും വിവാഹവും ഇന്ന് കേരളത്തിൽ പുതിയ വാർത്തകളല്ല. ദിവസവും രണ്ടു പേർ എന്ന രീതിയിൽ കേരളത്തിൽ പെൺകുട്ടികളുടെ ഒളിച്ചോട്ടം പതിവാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നു കാണാതായ പെൺകുട്ടി തിരുപ്പൂരിൽ ട്രെയിനിൽനിന്നു വീണു മരിച്ചെന്ന വാർത്തയെത്തുന്നത് കഴിഞ്ഞദിവസമാണ്. പുതിയറ ജയിലിനു സമീപം പുതുക്കുടികണ്ടി പറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറിനാണ് (18) മരിച്ചത്. കഴിഞ്ഞ ഏഴിന് ഹൻഷ കുറ്റിക്കാട്ടൂർ സ്വദേശി അഭിരാമിനൊപ്പം പോകുകയായിരുന്നു. ഇരുവരും ബംഗളൂരുവിൽ ജോലി തേടിപ്പോകുകയാണെന്നു ചിലരോട് പറഞ്ഞിരുന്നത്രെ. ഇടയ്ക്ക് അഭിരാമിന്റെ ഫോണിൽ നിന്നു ജോഷിയെ വിളിച്ചിരുന്നതായും പറയുന്നു. ജോഷിയുടെ പരാതി പ്രകാരം ഹൻഷയെ കാണാതായതിനു കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് തിരുപ്പൂരിൽ മരിച്ചതായി വിവരം ലഭിച്ചത്.
അതേസമയം, മരിച്ച ഹൻഷയുടെ ജീവിതം അസ്വസ്ഥത നിറഞ്ഞതായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഹൻഷയുടെ മാതാപിതാക്കൾ പ്രേമിച്ചു വിവാഹം കഴിച്ചവരായിരുന്നു. എന്നാൽ അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയത് പെൺകുട്ടിയുടെ മാനസിക നില തെറ്റിച്ചു. ഇതിനിടെ രണ്ടുവട്ടം പെൺകുട്ടി കാമുകന്മാർക്കൊപ്പം ഒളിച്ചോടുകയും ചെയ്തിരുന്നു. പോലീസാണ് രണ്ടു തവണയും പെൺകുട്ടിയെ കണ്ടെത്തിയത്. എന്നാൽ ഒരിക്കൽപ്പോലും ഹൻഷ പരാതി പറഞ്ഞിരുന്നില്ല.
ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂർ സ്വദേശി അഭിറാമിനൊപ്പം ഹൻഷ വീടുവിട്ടിറങ്ങിയത്. ഇതിനിടെ അഛൻ പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയെ പല തവണ വിളിച്ചിരുന്നു. അച്ഛൻ തിരിച്ചുവരാൻ പറഞ്ഞെങ്കിലും മകൾ വരാൻ തയാറായിരുന്നില്ല. ഇതോടെ പോലീസിൽ പരാതി നല്കുകയായിരുന്നു. മുമ്പ് കാണാതായിരുന്ന സമയത്ത് ഉത്തരേന്ത്യയിലും മറ്റും ഷെറിൻ പോയിരുന്നു. എന്നാൽ പരാതിയില്ലാത്തതിനാൽ പെൺകുട്ടിയെ കൊണ്ടു പോകുന്ന സംഘങ്ങളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചിരുന്നില്ല. അവസാന യാത്രയിൽ കുടെയുണ്ടായിരുന്ന അഭിരാം നിരവധി പിടിച്ചുപറി, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ.
Top