കാനഡയിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.. ഞായറാഴ്ച രാത്രിയോടെ ക്യൂബക് സിറ്റിയിലെ സെയിന്റ് ഫോയി സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലായിരുന്നു സംഭവം.
പള്ളിയില്‍ പ്രാര്‍ഥന നടക്കുന്ന സമയത്ത് തോക്കുധാരികളായ മൂന്ന് പേര്‍ ഉള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ എകദേശം 40 പേര്‍ പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ക്യൂബിക് സിറ്റിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സംഭവം പ്രാകൃതമാണെന്നും പള്ളിയുടെ പ്രസിഡന്റ് മുഹമ്മദ് യാംഗി പ്രതികരിച്ചു. ആക്രമണം നടക്കുമ്പോള്‍ മുഹമ്മദ് യാംഗി പള്ളിയില്‍ ഉണ്ടായിരുന്നില്ല. പരിക്കേറ്റവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് 2016 ജൂണില്‍ പള്ളിയുടെ മുന്നില്‍ പന്നിത്തല കൊണ്ടിട്ട ഒരു സംഭവം നടന്നിരുന്നു. അന്നത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.