![](https://dailyindianherald.com/wp-content/uploads/2016/07/Kanthapuram-1.jpg)
കണ്ണൂര്‍: വിവാദമായ അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റക്കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ കാന്തപുരത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും കോടതി കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയോടാവശ്യപ്പെട്ടു. അന്വേഷണത്തിന് ശേഷമാണ് കാന്തപുരത്തെ പ്രതി ചേര്‍ക്കണമോ എന്നു തീരുമാനിക്കുക
അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റക്കേസിലാണ് തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കാന്തപുരത്തിന്റെ പേര് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് എ.കെ ഷാജി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം കാന്തപുരം വിലയ്ക്കു വാങ്ങുകയും പിന്നീട് മുക്ത്യാര്‍ അടിസ്ഥാനത്തില്‍ പഴയങ്ങാടിയിലെ ഒരു വ്യവസായിക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. കറപ്പത്തോട്ടമായിരുന്ന സ്ഥലം രേഖകളില്‍ ഗാര്‍ഡന്‍ എന്നാക്കി ഉപയോഗിച്ചുവെന്നാണ് പരാതി. പരാതിയില്‍ തലശേരിയില്‍ വിജിലന്‍സ് കോടതി കേസെടുത്ത് അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. എന്നാല്‍ കാന്തപുരത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് കാന്തപുരത്തെ പ്രതിപട്ടികയില്‍ ചേര്‍ക്കാതിരുന്നതെന്ന് വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ശൈലജന്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം തുടരുകയാണെന്നും. തെളിവ് കിട്ടിയാല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ പ്രതിചേര്‍ക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2000 ഏപ്രിലിലാണ് കാന്തപുരം ഒന്നരക്കോടി രൂപയ്ക്ക് കറപ്പത്തോട്ടം വാങ്ങിയത്. സ്ഥാപനത്തിന്റെ സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം സുരേഷ് മൈക്കിള്‍, നിര്‍മ്മലാ മൈക്കിള്‍ എന്നിവരില്‍ നിന്ന് മുന്നൂറ് ഏക്കര്‍ ഭൂമി വാങ്ങുമ്പോള്‍ ഭൂമിയുടെ തരം എസ്&സ്വ്ഞ്;റ്റേറ്റ് എന്നായിരുന്നുവെന്നാണ് പരാതിക്കാരനായ ഷാജി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 2001ല്‍ ജബ്ബാര്‍ ഹാജി എന്നയാള്‍ക്ക് മുക്ത്യാര്‍ അടിസ്ഥാനത്തില്‍ ഭൂമി കൈമാറി. അപ്പോഴും ഭൂമിയുടെ തരം എസ്&സ്വ്ഞ്;റ്റേറ്റ് ആയിരുന്നു.
ജബ്ബാര്‍ ഹാജിയും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റാണ് ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. തോട്ടം എന്ന നിലയില്‍ സംരക്ഷിക്കേണ്ട കറപ്പത്തോട്ടത്തില്‍ രേഖകള്‍ തിരുത്തി രജിസ്റ്റര്‍ ചെയ്തതുവഴി വാണിജ്യാടിസ്ഥാനത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും റിസോര്‍ട്ടുകളും മറ്റും പണിയുകയായിരുന്നുവെന്ന് വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഭൂമി കൈമാറ്റം നടന്ന കാലത്തെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ കെ.വി. പ്രഭാകരന്‍, കെ. ബാലന്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ.പി.എം. ഫല്‍ഗുണന്‍, വില്ലേജ് ഓഫീസര്‍ ടി. ഭാസ്കരന്‍, കണ്ണൂര്‍ കളക്ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് സി.ടി. സരള, അഡ്വ. ടി.നിസാര്‍ അഹമ്മദ്, അന്നത്തെ തലശ്ശേരി ലാന്റ്ബോര്‍ഡ് ചെയര്‍മാന്‍ , ഈ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.കാന്തപുരത്തിന്റെ പങ്കിനെ കുറിച്ച് പ്രത്യേകം അന്വേഷിക്കാനാണ് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഡിവൈ. എസ്.പി: എ.വി. പ്രദീപിനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, കാന്തപുരത്തെ പ്രതി ചേര്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം നല്‍കിയ ഹര്‍ജിയും കോടതി തള്ളി.