മോഹന്‍ ശങ്കറെ വിലക്കിയതിനു പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം

കൊച്ചി: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന വിവാദം കെട്ടടങ്ങുന്നില്ല . ചടങ്ങില്‍ മകന്‍ മോഹന്‍ ശങ്കര്‍ പങ്കെടുക്കാതിരുന്നതിന്റെ പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ആര്‍എസ്എസുമായും ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘവുമായും അടുത്ത ബന്ധമുണ്ടായിരുന്ന ആളായിരുന്നു ആര്‍.ശങ്കറെന്നാണ് ബിജെപിയുടെ വാദം .അതിനാല്‍ തന്നെ ആര്‍ ശങ്കറിന്റെ പ്രതിമ കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മോഹന്‍ ശങ്കര്‍ പങ്കെടുക്കേണ്ടതായിരുന്നു എന്നും എന്നാല്‍ പ്രതിമാ സ്ഥാപന കമ്മറ്റി രക്ഷാധികാരി കൂടിയായിരുന്ന മോഹന്‍ ശങ്കര്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു എന്നും ഇപ്പോള്‍ ആരോപണം .ഇതിനു പിന്നില്‍ കോണ്‍ഗ്രസ് അസഹിഷ്ണത ആണെന്നാണ് ആരോപണം

എസ്എന്‍ഡിപി യോഗം കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ മോഹന്‍ ശങ്കര്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ്. ബിജെപി നേതാവുകൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടാല്‍ പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം മോഹന്‍ ശങ്കറെ ഭീഷണിപ്പെടുത്തിയെന്നാണ് അറിയുന്നത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചുവെന്ന് ഇപ്പോള്‍ കെപിസിസി നിര്‍വാഹക സമിതി അംഗമായ മോഹന്‍ ശങ്കര്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാവായിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് 1964 ല്‍ ആര്‍.ശങ്കറെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയതിനുപിന്നില്‍ പാര്‍ട്ടിയിലെ ക്രൈസ്തവ ലോബിയുമുണ്ടായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച ആര്‍.ശങ്കര്‍ 1967 ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അസഹിഷ്ണുത മൂലം പരാജയപ്പെടുകയായിരുന്നു. 1971 ല്‍ വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്തുവെങ്കിലും യൂത്ത് കോണ്‍ഗ്രസിന്റെയും മറ്റും സമ്മര്‍ദ്ദഫലമായി ശങ്കറിന് സീറ്റ് നിഷേധിക്കുകയും വയലാര്‍ രവിയെ മത്സരിപ്പിക്കുകയുമായിരുന്നു.

അന്ന് ശങ്കറിനെതിരെ ചരടുവലിച്ചവരില്‍ ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയാണെന്ന് ഒരുകാലത്ത് സഹപ്രവര്‍ത്തകനായിരുന്ന ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ശങ്കറിന്റെ പേര് ഉച്ചരിക്കാന്‍ പോലും ധാര്‍മിക അവകാശമില്ലെന്ന ചെറിയാന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിനോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തത് ഇപ്പോഴും നിലനില്‍ക്കുന്ന പഴയ കുടിപ്പക ചര്‍ച്ചയാവുമെന്നതിനാലാണ്.

ജീവിച്ചിരുന്ന കാലത്ത് ആര്‍.ശങ്കറിനോട് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഉണ്ടായിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമാ സ്ഥാപനത്തിനെതിരെയും പ്രകടമാകുന്നത്. ഹിന്ദു മഹാമണ്ഡലത്തിന്റെ സ്ഥാപകന്‍ കൂടിയായിരുന്ന ആര്‍.ശങ്കറിന്റെ പൈതൃകം ശരിയായി ഓര്‍മിക്കപ്പെട്ടാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായ തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന സമത്വമുന്നേറ്റ യാത്ര വന്‍ വിജയമായതും എസ്എന്‍ഡിപി യോഗം ബിജെപിയുമായി സഹകരിക്കുന്നതും കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടിയാവുമെന്ന് വിലയിരുത്തപ്പെടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയം ഇതിന് തെളിവാണ്. മാറുന്ന രാഷ്ട്രീയ സാഹചര്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന ഉമ്മന്‍ചാണ്ടിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.

ഹിന്ദുസമൂഹം ജാതിക്കതീതമായി രാഷ്ട്രീയമായി  സംഘടിക്കുന്നത് പിന്നാക്ക ജനവിഭാഗങ്ങളില്‍, പ്രത്യേകിച്ച് ഈഴവ സമുദായത്തില്‍ ധ്രുവീകരണമുണ്ടാക്കി ചെറുക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.  ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് വിവാദമാക്കിയതും അദ്ദേഹത്തിന്റെ മകന്‍ മോഹന്‍ ശങ്കറെ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിയതും.

 

Top