കൊല്ലം: ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗല്‍ സ്‌റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം എസ്.എന്‍. കോളജ് അങ്കണത്തില്‍ സ്‌ഥാപിച്ച മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അനാച്‌ഛാദനം ചെയ്യും. ചടങ്ങില്‍ അധ്യക്ഷനായി നിശ്‌ചയിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിന്നീട് ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം കത്തിനില്‍ക്കുകയാണ്.
പ്രതിഷേധസൂചകമായി യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ജനപ്രതിനിധികള്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കും.പ്രധാനമന്ത്രി കൊച്ചിയില്‍നിന്നു ഹെലികോപ്‌ടറില്‍ ഉച്ചയ്‌ക്കു രണ്ടരയോടെ കൊല്ലം ആശ്രാമം മൈതാനത്തിറങ്ങും. എസ്.എന്‍. കോളജിലേക്കുള്ള തുടര്‍യാത്ര റോഡ് മാര്‍ഗമാണ്. 2.45-ന് ആരംഭിക്കുന്ന ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആമുഖപ്രസംഗം നടത്തും. തുടര്‍ന്നാണ് ശങ്കര്‍ പ്രതിമയുടെ അനാച്‌ഛാദനം. ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗല്‍ സ്‌റ്റഡീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനവും ഇതോടനുബന്ധിച്ച് നടത്തും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് വിവാദത്തിലായതോടെ സുരക്ഷാസംവിധാനങ്ങള്‍ അതിവിപുലമാക്കി. പ്രധാനമന്ത്രി എത്തിയതിനുശേഷം മടങ്ങുന്നതുവരെ എസ്.എന്‍. കോളജിനു സമീപമുള്ള ട്രാക്കിലെ ട്രെയിന്‍ സര്‍വീസും ഒഴിവാക്കും. ആ സമയത്തെ ട്രെയിനുകള്‍ മയ്യനാട്ടും ശാസ്‌താംകോട്ടയിലും പിടിച്ചിടും.