തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലുമണിയ്ക്ക് വീട്ടിലെ ചടങ്ങിൽ അംഗത്വം സ്വീകരിച്ചു . ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ അംഗത്വമെടുക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ.
ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുകയാണെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു. കേന്ദ്ര -സംസ്ഥാന നേതാക്കൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള വീട്ടിലാണ് അംഗത്വമെടുക്കുന്ന ചടങ്ങ്. അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച വലിയ വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ രാഷ്ട്രീയ പ്രവേശനം ചർച്ച ചെയ്യപ്പെടും.
കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനിടയിലാണ് രാഷ്ട്രീയ പ്രവേശനമെന്ന വാർത്തയും പുറത്തുവരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തി അംഗത്വം നൽകുമെന്നാണ് വിവരം.
അതേസമയം, സംസ്ഥാന കമ്മിറ്റിയിലോ കേന്ദ്രകമ്മിറ്റിയിലോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ പാർട്ടിയിൽ അംഗത്വമെടുക്കുകയാണെന്നും ശ്രീലേഖ മറുപടി നൽകി. മുമ്പ് ഡിജിപിയായിരുന്ന ടിപി സെൻകുമാർ വിരമിച്ചതിന് ശേഷം ബിജെപി അനുഭാവിയായിരുന്നു. അംഗത്വമെടുത്തില്ലെങ്കിലും പാർട്ടി വേദികളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഒരു ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥിയായി വരുമെന്ന് കേട്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് സെൻകുമാർ എത്തിയില്ല. നിലവിൽ പല പരിപാടികളിലേയും പ്രസംഗ വേദിയിൽ സെൻകുമാർ എത്തുന്നുണ്ട്.