ദുബൈ :സ്‌റ്റേജ് ഷോയ്‌ക്കെന്നുപറഞ്ഞ് ദുബൈയിലെത്തിച്ച കാസര്‍കോട് സ്വദേശിനിയായ യുവതി ചതിയില്‍പെട്ട് പെണ്‍വാണിഭകേന്ദ്രത്തിലെത്തി. പെണ്‍വാണിഭക്കാര്‍ തടവിലാക്കിയ യുവതിയെ ദുബൈ ദേരപോലീസ് രക്ഷപ്പെടുത്തി.ചൊവ്വാഴ്ച വൈകുന്നേരം ദുബൈയിലെ മാധ്യമപ്രവര്‍ത്തകനും അബൂദാബി കമ്മ്യൂണിറ്റി പോലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവതി പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്.ചെന്നൈ സ്വദേശി രവി ഉള്‍പ്പെടെയുള്ളവരാണ് സ്‌റ്റേജ് ഷോക്കാണെന്ന് പറഞ്ഞ് കാസര്‍കോട്ടെ നിര്‍ത്തകിയെ ദുബൈയിലെത്തിച്ചത്.
എന്നാല്‍ ദുബൈയിലെത്തിയതോടെ യുവതി എത്തിപ്പെട്ടത് പെണ്‍വാണിഭകേന്ദ്രത്തിലാണ്. ദുബൈ ദേരയിലെ ഒരു അജ്ഞാതകേന്ദ്രത്തിലെത്തിച്ച യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പെണ്‍വാണിഭക്കാര്‍ ഭീഷണിപ്പെടുത്തുകയും തടവിലിടുകയും ചെയ്തു.ഇതോടെ യുവതി വിവരം നാട്ടിലുള്ള ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് ഉടന്‍ തന്നെ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകനായ ബിജുവിന്റെ മൊബൈല്‍ നമ്പര്‍ ഭര്‍ത്താവ് യുവതിക്ക് നല്‍കിയതോടെ യുവതി ബിജുവിന്റെ വാട്‌സ് അപ്പിലേക്ക് ശബ്ദസന്ദേശമയച്ചു. തന്നെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നുമുള്ള ശബ്ദസന്ദേശമാണ് ബിജുവിന്റെ വാട്‌സ് അപ്പില്‍ യുവതി അയച്ചുകൊടുത്തത്.
എന്നാല്‍ യുവതി എവിടെയുണ്ടെന്ന് ബിജുവിന് വ്യക്തമായിരുന്നില്ല. ബിജുവിന്റെ നിര്‍ദേശമനുസരിച്ച് യുവതി ലൊക്കേഷന്‍ മാപ്പ് അയച്ചുകൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം തിരിച്ചറിയുകയും യുവതി അയച്ച സന്ദേശങ്ങളും ചിത്രങ്ങളുമായി ബിജു അറബിക് ഭാഷ അറിയാവുന്ന സുഹൃത്തുമായി ദേര പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു.പോലീസ് യുവതിയെ തടവില്‍ പാര്‍പ്പിച്ച മുറിയിലെത്തുമ്പോള്‍ പെണ്‍വാണിഭസംഘം അവിടെയുണ്ടായിരുന്നില്ല. കാസര്‍കോട് സ്വദേശിനിയുള്‍പ്പെടെ നിരവധി യുവതികളാണ് മുറിയിലുണ്ടായിരുന്നത്. പോലീസ് യുവതിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചുമനസിലാക്കുകയും ഇവരെ കൊണ്ടുവന്ന ചെന്നൈ സ്വദേശികളെ വിളിച്ചുവരുത്തുകയും ചെയ്തു.നാട്ടിലേക്ക് പോയാല്‍ മതിയെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്ന് വിമാനടിക്കറ്റ് എടുത്തുനല്‍കാന്‍ ചെന്നൈ സ്വദേശികളോട് പോലീസ് ആവശ്യപ്പെട്ടു. ഇവര്‍ വ്യാഴാഴ്ച രാത്രി യുവതിക്ക് ദുബൈയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നല്‍കുകയും ചെയ്തു.