വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ആൾദൈവം രാധേ മാ രംഗത്ത്. ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെ കോടതി 20 വർഷത്തേക്കാണ് കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്.
കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണമെന്ന് മാത്രമാണ് ഗുര്‍മീത് റാം റഹീം സിങിന്‍റ ശിക്ഷയുമായി ബന്ധപ്പെട്ട് രാധേ മാ പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്താൻ രാധേ മാ മറന്നില്ല. എന്റെ കാഴ്ചപ്പാടിൽ നരേന്ദ്രമോദി ഒരു രാജാവാണ്. ഒരു വളരെ നല്ല രാജാവ്. ഈ രാജ്യത്തിന്റെ രാജാവായിട്ടാണ് താൻ മോദിയെ കാണുന്നത്. ആരേയും ഉപദേശിക്കാൻ ഞാനാളല്ല. ദൈവവും മോദിജിയുമാണ് എല്ലാത്തിനും മുകളിൽ.
തനിക്കെതിരെയും മറ്റ് ആൾദൈവങ്ങൾക്കെതിരെയും ട്വിറ്ററിൽ ആഞ്ഞടിച്ച റിഷി കപൂറിനോട് തനിക്ക് ദേഷ്യമൊന്നുമില്ല എന്ന് രാധേ മാ പറഞ്ഞു. അതിനൊക്കെ ശിവഭഗവാൻ മറുപടി കൊടുക്കും. താന്‍ പ്രതികരിക്കുന്നില്ല. റിഷി കപൂർ വളരെ നല്ല മനുഷ്യനാണ്. ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ല. റാം റഹീം സിങിനെ കോടതി ശിക്ഷിച്ച സാഹചര്യത്തിൽ മറ്റ് വിവാദ ആൾദൈവങ്ങളും കുടുങ്ങുമോ എന്ന കാര്യം കൂടി കണ്ടറിയേണ്ടതുണ്ട്.