വിട പറഞ്ഞത് മലയാളത്തിന്റെ ഗാന തിലകം..മധുര ശബ്ദമേ വിട..

ച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 45 വയസായിരുന്നു. പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്നാണ് മരണം. അര്‍ബുദ രോഗ ബാധിതയായിരുന്നു. എഴുപതോളം ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള രാധികയുടെ മായാമഞ്ചലില്‍…, കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ.., ദേവസംഗീതം നീയല്ലേ… മനസില്‍ മിഥുനമഴ.. തുടങ്ങി ഗാനങ്ങള്‍ ഇന്നും സംഗീത പ്രേമികള്‍ ഓര്‍ത്തിരിക്കുന്നവയാണ്.പിന്നണി ഗായിക എന്നതിലുപരി ലളിതഗാനാലാപനത്തിലൂടെയാണ് രാധിക മലയാളിയുടെ മനസില്‍ ഇടംനേടിയത്. ഒരു കാലത്ത് ദൂരദര്‍ശനിലെയും ഓള്‍ ഇന്ത്യ റേഡിയോയിലെയും ലളിത ഗാനാപാലനത്തില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു രാധിക.
ഗുരു എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ സംഗീതം നല്‍കിയ ദേവസംഗീതം നീയല്ലേ, കന്‍മദത്തില്‍ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ വിരിഞ്ഞ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ, ഒറ്റയാള്‍ പട്ടാളത്തില്‍ ശരത്തിന്റെ സംഗീതസംവിധാനത്തില്‍ പിറന്ന മായാമഞ്ചലില്‍…ദീപസ്തംഭം മഹാശ്ചര്യത്തിലെ എന്റെയുള്ളുടുക്കും കൊട്ടി തുടങ്ങിയവയാണ് ഹിറ്റ് ഗാനങ്ങള്‍.
അടുത്ത കുറച്ച് വര്‍ഷങ്ങളായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമല്ലായിരുന്നു. ഭര്‍ത്താവ് സുരേഷുമൊത്ത് അഞ്ച് വര്‍ഷക്കാലം ദുബായിലായിരുന്നു. ഗള്‍ഫ് മേഖലകളിലെ സ്‌റ്റേജ് ഷോകളില്‍ ഉള്‍പ്പെടെ സജീവസാന്നിദ്ധ്യമായിരുന്നു രാധിക തിലക്. ദുബായില്‍ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോ ചെയ്തിരുന്നു.
കുടുംബത്തിന് സംഗീതവുമായി ഉണ്ടായിരുന്ന അടുപ്പമാണ് രാധികയെയും ഈ വഴിയിലേക്ക് നയിച്ചത്. രാധികയുടെ വല്യമ്മയുടെ മകളാണ് ഗായികയായ സുജാത. അതുകൊണ്ടു തന്നെ മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരെയൊക്കെ രാധികയുടെ സംഗീതവാസന തിരിച്ചറിഞ്ഞിരുന്നു. ഈ പരിചയമാണ് പിന്നണി ഗാനരംഗത്ത് രാധികയ്ക്ക് അവസരങ്ങള്‍ തുറന്നിട്ടത്.സെന്റ് തെരേസാസ് കോളജിലെ ഡിഗ്രി വിദ്യാഭ്യാസകാലഘട്ടത്തിലാണ് രാധിക ദൂരദര്‍ശനില്‍ പ്രോഗ്രാമുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന് ശേഷമായിരുന്നു പിന്നണി ഗാനരംഗത്തും അവസരം ലഭിച്ചു തുടങ്ങിയത്.

ലളിതഗാനരംഗത്തെ കുയിൽനാദമായാണ് രാധികാ തിലക് മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയത്. പിന്നീട് മലയാള സിനിമയിലേക്ക് സ്വരസുന്ദരമായ ഒരു പിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് രാധിക തിലക്. മായാമഞ്ചലിൽ (ഒറ്റയാൾ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളിൽ ഉടുക്കുംകൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലപാടുകളിലെ സത്യസന്ധതകൊണ്ടും തുറവികൊണ്ടും രാധിക ശ്രദ്ധ നേടി. ശ്രേയ ഘോഷിനെപ്പോലെ അന്യഭാഷാ ഗായികമാർക്കാണ് മലയാളത്തിൽ ഡിമാന്റ് എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്ര അസാധ്യമായാണ് ശ്രേയ പാടുന്നത് എന്നായിരുന്നു രാധികയുടെ മറുപടി. ശ്രേയയുടെ കഠിനാധ്വാനത്തിന്റേയും വോയ്‌സ് ട്രെയിനിംഗിന്റേയും ഫലം മുഴുവൻ അവരുടെ സ്വരത്തിലുണ്ടെന്നും കൂട്ടിച്ചേർത്തു രാധിക.

മുൻനിര ഗായികയാകാനുള്ള അർഹതപ്പെട്ട അവസരങ്ങൾ ലഭിച്ചില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്റെ കാഴ്‌ചപ്പാട് വ്യത്യസ്‌തമായിരുന്നുവെന്ന് മറുപടി നൽകി രാധിക വ്യത്യസ്തയായി. ഏതുതരത്തിലുള്ള പാട്ടുകളാണെങ്കിലും അത് പെർഫെക്‌ട് ആക്കാൻ ശ്രമിക്കുകയായിരുന്നു എന്റെ ലക്ഷ്യം. കിട്ടിയ അവസരങ്ങളിൽ ഞാൻ ഇന്നും തൃപ്‌തയാണെന്നും രാധിക പറഞ്ഞുവച്ചു. അവസരങ്ങൾക്കുവേണ്ടി ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അതിന് താൽപ്പര്യമില്ലായിരുന്നുവെന്ന് പറഞ്ഞ് അവർ വീണ്ടും വ്യത്യസ്തയായി.

രാധിക തിലകുമായി നടത്തിയ ഒരു അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

രാധികാ തിലക്-ഒരു ഉത്തരേന്ത്യൻ പേരിനോട് സാമ്യമുണ്ടല്ലോ?

അതൊരു കഥായാണ്. അച്‌ഛന്റെ പേര് പി. ജയ തിലകൻ എന്നായിരുന്നു. ഉപരിപഠനത്തിനായി ഉത്തരേന്ത്യയിൽ പോയപ്പോൾ കുട്ടുകാരും അധ്യാപകരും ചേർന്ന് തിലക് ആക്കി. ചിലരൊക്കെ ഞാൻ ഉത്തരേന്ത്യൻ ആണെന്ന് വിചാരിച്ച് ഹിന്ദിയിൽ സംസാരിക്കാറുണ്ട്. ഒരിക്കൽ ഗൾഫ് ഷോയിൽ ‘ആപ്പ്‌കീ നസറോംനെ സംഛാ‘എന്ന ഗാനം കഴിഞ്ഞിറങ്ങുമ്പോൾ ഒരു സ്‌ത്രീ വന്ന് അഭിനന്ദിച്ചു. അവർ ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മലയാളിയാണെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ അവർക്ക് അദ്‌ഭുതം തോന്നി.

സംഗീതം ചെറുപ്പം മുതൽ കൂടെയുണ്ടോ?

വീട്ടിൽ എല്ലാവരും സംഗീത്തോട് താൽപ്പര്യമുള്ളവരായിരുന്നു. അച്‌ഛന്റെ അമ്മ തങ്കക്കുട്ടി രവിവർമ്മയും അച്‌ഛന്റെ സഹോദരി സുധാവർമ്മയും സംഗീത കച്ചേരികൾ നടത്തിയിരുന്നു. ഞാൻ വളർന്നു വരുമ്പോഴേക്കും സുജുചേച്ചി പാട്ടുകാരിയായി മാറിയിരുന്നു. (രാധികയുടെ വല്യമ്മയുടെ മകളാണ് ഗായിക സുജാത). വേണുചേട്ടനും അന്ന് പിന്നണിഗാനരംഗത്തുണ്ട്. അതുകൊണ്ട് ദാസങ്കിളിന് എന്നെ ചെറുപ്പം മുതലേ അറിയാമായിരുന്നു. പ്ലസ്‌ടൂ കഴിഞ്ഞ സമയത്താണ് ആദ്യത്തെ സ്‌റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കാൻ വേണുചേട്ടനൊപ്പം ദുബായിക്ക് പോകുന്നത്. സെന്റ് തേരേസാസ് കോളേജിൽ പഠിക്കുമ്പോൾ മൂന്നു വർഷം തുടർച്ചയായി ലളിതഗാനത്തിൽ ഒന്നാം സ്‌ഥാനം ലബിച്ചതിന് അവിടെ നിന്ന് കലാതിലകപ്പട്ടം ലഭിച്ചിരുന്നു. പ്രത്യേകിച്ചും പേരിനൊപ്പം തിലകും ഉണ്ടല്ലോ എന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കുമായിരുന്നു.

മിസ്റ്റർ ബ്രഹ്മചാരി എന്ന ചിത്രത്തിൽ എം.ജി. ശ്രീകുമാറും രാധിക തിലകും പാടിയ ഗാനം.

രാധികാ തിലക് സജീവമായിരുന്ന കാലത്ത് നിരവധി ആൽബങ്ങളിലും ഭക്‌തിഗാന കാസറ്റുകളിലും പാടിയിരുന്നല്ലോ. അതുപോലെതന്നെ ദൂരദർശനിലും ലളിതഗാനങ്ങൾ പാടിയിരുന്നു?

ആൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലുമൊക്കെ ലളിതഗാനങ്ങൾ പാടിയിരുന്നു. പെരുമ്പാവൂർ സാറിന്റെ ദ്വാപരയുഗത്തിന്റെ എന്ന ഗാനവും മലയാള പഴമതൻ എന്നു തുടങ്ങുന്ന ഗാനവുമൊക്കെ ശ്രദ്ധേയമായിരുന്നു. ഈ ഗാനങ്ങൾ പാടാൻ സാധിച്ചതിൽ സന്തോഷവുമുണ്ട്. ദൂരദർശനു പുറമെ ഏഷ്യാനെറ്റ്, കൈരളി എന്നിവയിൽ അവതാരകയായും വന്നിട്ടുണ്ട്. ആ സമയത്ത് ടിവിയിൽ റിയാലിറ്റി ഷോ തരംഗമൊന്നും വന്നിട്ടില്ല. ഏഷ്യാനെറ്റിന്റെ തുടക്കത്തിൽ വോയ്‌സ് ഓഫ് ദ വീക്ക് എന്ന പരിപാടി എം. ജി. ശ്രീകുമാറിനൊപ്പം അവതരിപ്പിച്ചത് ഞാനായിരുന്നു. ടിവിയിൽ വന്നിരുന്ന എന്റെ പാട്ടുകളും അതുപോലെ അവതരിപ്പിച്ച പരിപാടികളുമാണ് കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്‌തയാക്കിയതെന്ന് എനിക്കു തോന്നുന്നു.

സ്‌റ്റേജ് ഷോകളിലെല്ലാം രാധിക നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ?

അതെ, ദാസങ്കിളിന്റെയും (യേശുദാസ്) ശ്രീകുമാറേട്ടന്റേയും (എം. ജി. ശ്രീകുമാർ) കൂടെ ഒരുപാട് സ്‌റ്റേജ് ഷോകൾ ചെയ്യാൻ ഭാഗ്യം കിട്ടി. വേണുചേട്ടനൊപ്പമാണ് ആദ്യമായി ഗാനമേളയിൽ പങ്കെടുക്കുന്നത്. ഇതിനുശേഷം നിരവധി പിന്നണി ഗായകർക്കൊപ്പം പാടാൻ സാധിച്ചു. കുറേവർഷം അടുപ്പിച്ച് എം. ജി. ശ്രീകുമാറിന്റെ കൂടെ സ്‌റ്റേജ് ഷോ ചെയ്‌തിട്ടുണ്ട്. അന്ന് ഗൾഫിലും യു. എസിലുമെല്ലാം സ്‌റ്റേജ് പരിപാടികൾ നടക്കുമ്പോൾ പാടുന്നത് മുൻനിര ഗായകർ തന്നെയായിരുന്നു. അവർക്കിടയിൽ ഞാൻ മാത്രമായിരിക്കും പലപ്പോഴും ജീനിയറായി ഉണ്ടാകുക. ജാനകിയമ്മയുടെ കൂടെയെല്ലാം പാടിയത് മറക്കാൻ കഴിയില്ല.

ശ്രേയ ഘോഷിനെപ്പോലെ അന്യഭാഷാ ഗായികമാർക്കാണ് മലയാളത്തിൽ ഡിമാന്റ് എന്ന് തോന്നിയിട്ടുണ്ടോ?

അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്ര അസാധ്യമായാണ് ശ്രേയ പാടുന്നത്. മലയാളിയല്ല എന്ന് ആരും പറയില്ല. ശ്രേയയുടെ കഠിനാധ്വാനത്തിന്റേയും വോയ്‌സ് ട്രെയിനിംഗിന്റേയും ഫലം മുഴുവൻ അവരുടെ സ്വരത്തിലുണ്ട്.

മുൻനിര ഗായികയാകാനുള്ള അർഹതപ്പെട്ട അവസരങ്ങൾ ലഭിച്ചില്ല എന്ന് തോന്നിയിട്ടുണ്ടോ?

എന്റെ ഒരു കാഴ്‌ചപ്പാട് വ്യത്യസ്‌തമായിരുന്നു. ഏതുതരത്തിലുള്ള പാട്ടുകളാണെങ്കിലും അത് പെർഫെക്‌ട് ആക്കാൻ ശ്രമിക്കുകയായിരുന്നു എന്റെ ലക്ഷ്യം. കിട്ടിയ അവസരങ്ങളിൽ ഞാൻ ഇന്നും തൃപ്‌തയാണ്. മുൻനിര ഗായിക എന്നൊന്നും ഒരു ചിന്തയേ അന്നും ഇന്നുമില്ല. അവസരങ്ങൾക്കുവേണ്ടി ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. അതിന് താൽപ്പര്യമില്ലായിരുന്നു. എന്റെ ജീവിതത്തിൽ എന്നും തിരക്കുകൾ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞും ഞാൻ പാട്ട് നിറുത്തിയില്ല. എല്ലാ കാര്യത്തിലും സമയവും കാലവുമുണ്ട് എന്ന് പറയില്ലേ.

ഏതാണ്ട് 70 ഗാനങ്ങളാണ് മലയാള സിനിമയിൽ രാധികയുടേതായുള്ളത്. അതിൽ തന്നെ വിരലിലെണ്ണാവുന്നവ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടതും. ചെപ്പു കിലുക്കണ ചങ്ങാതി, ഒറ്റയാൾ പട്ടാളം, സ്നേഹം,.പട്ടാളം, ദീപസ്തംഭം മഹാശ്ചര്യം എന്നിവയാണു പ്രധാന ചിത്രങ്ങൾ. മായാ മഞ്ചലിൽ (ഒറ്റയാൾ പട്ടാളം) , അരുണ കിരണ ദീപം.. , ദേവ സംഗീതം നീയല്ലേ (ഗുരു) , കൈതപ്പൂ മണം (സ്നേഹം), തിരുവാതിര ,മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കൻമദം) , നിന്റെ കണ്ണിൽ വിരുന്നു വന്നു (ദീപ സ്തംഭം മഹാശ്ചര്യം ) എന്നിവയാണു അവരുടെ പ്രധാന പാട്ടുകൾ.

  1. ദേവസംഗീതം നീയല്ലേ…. (ഗുരു)

കെ ജെ യേശുദാസും രാധികയും ചേർന്ന് ആലപിച്ച ഇൗ ഗാനം അന്നും ഇന്നും മലയാളികളുടെ ചുണ്ടിൽ നിന്ന് മായാതെ നിൽക്കുന്നു. ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ എന്ന് ദാസേട്ടന്റെ ഒപ്പം പാടിയ പാട്ട് രാധിക എന്ന ഗായികയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സിനിമാ പിന്നണി ഗാനരംഗത്തേക്കുള്ള പുതിയ കാൽവെയ്പെന്നു പോലും വിശേഷിപ്പിക്കാവുന്ന ഗാനം. എസ് രമേശൻ നായരുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്ന ഗാനം ഗുരു എന്ന സിനിമ പോലെ തന്നെ തന്നെ മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ഇതു കൂടാതെ വേറെ രണ്ടു ഗാനങ്ങൾ കൂടി രാധിക ഇൗ ചിത്രത്തിൽ ആലപിച്ചിട്ടുണ്ട്.

  1. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ… (കന്മദം)

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ…മനസ്സിനുള്ളിൽ… കന്മദം എന്ന ക്ലാസിക് ചിത്രത്തിലെ മലയാളി ഇന്നും ഏറ്റു പാടുന്ന ഗാനം. സിനിമയിൽ മെയിൽവോയ്സാണ് ഉപയോഗിച്ചിരിക്കുന്നതെെങ്കിലും കാസറ്റിലൂടെയും മറ്റും ഇൗ ഗാനം രാധികയെ പ്രശസ്തയാക്കി. ഖരഹരപ്രിയ രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ ഗാനം എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.

  1. കാനനക്കുയിലിന് കാതിലിടാനൊരു… (മിസ്റ്റർ ബ്രഹ്മചാരി)

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മോഹൻ സിതാര ഇൗണം പകർന്ന ഇൗ ഗാനം സിനിമയേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. എം ജി ശ്രീകുമാറിനൊപ്പം രാധിക ആലപിച്ച പാട്ട് ഇന്നും ഹിറ്റ് ചാർ‌ട്ടിൽ ഉൾപ്പെടുന്നു.

  1. തകില് പുകില് കുരവക്കുഴല്.. (രാവണപ്രഭു)

അടിച്ചു പൊളി പാട്ടായിരുന്നെങ്കിലും പ്രേക്ഷകശ്രദ്ധ ഏറെ കിട്ടിയ ഗാനമാണിത്. എംജി ശ്രീകുമാറിനും സുജാതയ്ക്കും ഒപ്പമാണ് രാധിക സുരേഷ് പീറ്റേഴ്സ് ഇൗണം നൽകിയ ഇൗ ഗാനം ആലപിച്ചത്. സിനിമ പോലെ തന്നെ ഹിറ്റായിരുന്നു അതിലെ ഒാരോ ഗാനങ്ങളും

  1. മനസ്സിൽ മിഥുന മഴ… (നന്ദനം)

രഞ്ജിത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നന്ദനത്തിലെ ഇൗ ഗാനം എം ജി ശ്രീകുമാറിനൊപ്പമാണ് രാധിക ആലപിച്ചത്. രവീന്ദ്രൻ മാഷ് ഇൗണം നൽകിയ ഗാനം ചിത്രത്തിലെ ഫാസ്റ്റ് നമ്പറായിരുന്നു. ഇന്നും നൃത്തപരിപാടികളിൽ ഇൗ ഗാനം സ്ഥിരമായി ഉപയോഗിച്ചു വരുന്നു.

എല്ലാവരും എന്നും ഒാർക്കുന്ന ഒരുപാട് ഗാനങ്ങളൊന്നും പാടാൻ രാധികാ തിലക് എന്ന ഗായികയ്ക്കായില്ല. എങ്കിലും മലയാളിക്ക് അവരെ ഒരിക്കലും മറക്കാനാവില്ലെന്നതാണ് സത്യം. രോഗബാധിതയായി കഴിയുമ്പോഴും സിനിമാലോകം അവരെ അർഹിക്കുന്ന പരിഗണനയോടെ ശ്രദ്ധിച്ചിരുന്നോ എന്ന് സംശയം. ഇൗ മരണവാർത്ത പോലും പലരും ഞെട്ടലോടെ കേൾക്കുമ്പോൾ ഒന്നോർക്കുക. ഇത്രകാലം ആവർ എവിടെയന്ന് നാം അന്വേഷിച്ചിരുന്നോ? മധുര ശബ്ദമേ വിട.

Top