ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രാധിക ആപ്‌തെ. അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ് മാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് ആദ്യ ആര്‍ത്തവ ദിനത്തെ കുറിച്ച് രാധിക ഓര്‍ത്തെടുത്തത്. ഡോക്ടര്‍മാരുടെ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ആര്‍ത്തവത്തെ കുറിച്ച് വളരെ മുമ്പ് തന്നെ അവര്‍ എനിക്ക് പറഞ്ഞുതന്നിരുന്നു. അതിനാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. ആദ്യ ആര്‍ത്തവ ദിനത്തില്‍ അമ്മ വീട്ടില്‍ ഒരു പാര്‍ട്ടി ഒരുക്കി. എനിക്ക് എന്റെ ആദ്യ വാച്ച് ലഭിക്കുന്നത് അന്നാണ്. തീര്‍ച്ചയായും അന്ന് ഞാന്‍ കരഞ്ഞു. ശരീരത്തില്‍ നിന്ന് രക്തം പോകുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാവരും എനിക്ക് സമ്മാനങ്ങള്‍ തരുന്നു. അതെന്നെ സന്തോഷിപ്പിച്ചു. അതിന് ശേഷം ഇതുമായി പൊരുത്തപ്പെടാന്‍ അറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ആദ്യ കാലത്ത് സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പോകുന്ന സമയത്ത് എനിക്ക് ചമ്മലായിരുന്നു. അത് മാറ്റാന്‍ മെഡിക്കല്‍ ഷോപ്പില്‍ എത്തുമ്പോള്‍ ഞാന്‍ ഉറക്കെ എനിക്ക് വേണ്ടത് നാപ്ക്കിനാണ് എന്ന് വിളിച്ചുപറയാന്‍ തുടങ്ങി. ചമ്മലിനെ മറികടക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ശ്രമം. രാധികയുടെ അനുഭവങ്ങളെ കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.
ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെങ്കില്‍ രണ്ടുകാര്യങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാണ് ട്വിങ്കിള്‍ ഖന്ന അഭിപ്രായപ്പെട്ടത്. എത്ര തുറന്ന മനസ്സുള്ളവരാണെങ്കില്‍ പോലും സ്ത്രീകളെ കുറിച്ച് കാലങ്ങളായി നിലനില്‍ക്കുന്ന മാനസിക നിലയാണ് അവരും തുടരുന്നത്. അതില്‍ മാറ്റം കൊണ്ടുവരണം. പെണ്‍മക്കളെ ജീവിതത്തിന്റെ മൂല്യം അംഗീകരിച്ച് വളര്‍ത്തുന്നത് പോലെ ആണ്‍കുട്ടികളെയും ജീവിതത്തിന്റെ മൂല്യം അറിയിച്ചു തന്നെ വളര്‍ത്തണം. ഈ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് തുടങ്ങുന്നോ അത്ര മുന്‍പേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ട്വിങ്കിള്‍ പറഞ്ഞു. സാനിറ്ററി നാപ്കിന്‍ നിര്‍മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുകാന്ദന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് പാഡ് മാന്‍. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍.ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്.