
കര്‍ണാടക കലബുര്‍ഗി അല്‍ ഖമര്‍ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ മലയാളി റാഗിങ്ങിനിരയായ സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് നാളെതന്നെ സമര്‍പ്പിക്കാന്‍ കലബുര്‍ഗി എസ്പിക്ക് നിര്‍ദേശം നല്കി. പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഇതിനായി കര്‍ണാടകയില്‍നിന്ന് ഡിവൈഎസ്പി ജാഹ്നവി കേരളത്തിലെത്തും. കേസിലെ നാലാമത്തെ പ്രതിയെ കണ്ടെത്തുന്നതിനായി കര്‍ണാടക പൊലീസിന്റെ കേരളത്തിലുള്ള സംഘം ശ്രമം തുടരുന്നതായി കലബുറഗി എസ്.പി ശശികുമാര്‍ അറിയിച്ചു. അതേസമയം, സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കോളജിനാണെന്ന് മനുഷ്യാവകാശ കമ്മിഷനംഗം പി.മോഹന്‍ദാസ് പ്രതികരിച്ചു.
റാഗിങ്ങുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന്റ നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി ജാഹ്നവി കേരത്തിലെത്തുന്നത്. നിലവില്‍ അന്വേഷണസംഘത്തിലെ ഒന്പതുപേര് കോഴിക്കോട്ട് രണ്ടുദിവസമായി തങ്ങുന്നുണ്ട്. ഡിവൈഎസ്പി എത്തിയാലുടനെ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച് മൊഴിയെടുക്കാനാണ് സാധ്യത. അതേസമയം, കേസിലെ നാലാമത്തെ പ്രതിയായ ശില്പജോസിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് കലബുറഗി എസ്.പി ശശികുമാര്‍ പറഞ്ഞു.
നിലവില്‍ കോഴിക്കോട്ടുള്ള അന്വേഷണസംഘം കേരളപൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. ശില്പ കോട്ടയം സ്വദേശിനിയാണെന്നാണ് വിവരം. ചികില്‍സയില്‍ കഴിയുന്ന അശ്വതിയുടെ പരാതിയിലും, അശ്വതിയുടെ സഹപാഠിയുടെ മൊഴിയിലും ശില്പയ്ക്കെതിരെ പരാമര്‍ശമുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം, കോളജ് പ്രിന്‍സിപ്പള്‍ , ഹോസ്റ്റല്‍ വാര്ഡന് തുടങ്ങിയവര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നുകാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം പി. മോഹന്‍ദാസ് കര്‍ണാടക ഡിജിപി, ചീഫ് സെക്രട്ടറിഎന്നിവര്ക്ക് കത്ത് നല്കി.