പെര്‍ത്ത്: സച്ചിനെയും ലാറയെയും മറികടന്ന് രോഹിത് ശര്‍മ്മക്ക് റെക്കോര്‍ഡ്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനങ്ങളില്‍ അതിവേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് ഇന്നലെ രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. 19 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു രോഹിത് ഓസീസിനെതിരെ 1000 റണ്‍സ് നേടിയത്. സച്ചിനും ലാറയും 20 ഇന്നിങ്‌സുകളില്‍ നിന്നാണ് ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സ് തികച്ചത്. ഓസീസിനെതിരേ ഏറ്റവും മികച്ച ശരാശരിയുള്ള കളിക്കാരനും രോഹിത് ശര്‍മയാണ്68.46. എ.ബി. ഡിവില്ലിയേഴ്‌സ് (62.57), ക്ലൈവ് ലോയ്ഡ് (54.22), ജെഫ് ബോയ്‌ക്കോട്ട് (52.76), വിവിയന്‍ റിച്ചാര്‍ഡ്‌സ് (50.86), വിരാട് കോഹ്‌ലി (50.85) എന്നിവര്‍ക്കാണ് ഓസീസിനെതിരെ 50നു മുകളില്‍ ശരാശരിയുള്ളത്.
ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇനി രോഹിതിന്റെ പേരില്‍ സ്വന്തം. ഇന്നലെ 171 റണ്‍സ് നേടിയതോടെയാണ് ഈ റെക്കോര്‍ഡും രോഹിത് സ്വന്തമാക്കിയത്. 1979ല്‍ മെല്‍ബണില്‍ വിന്‍ഡീസ് ഇതിഹാസതാരം വിവ് റിച്ചാര്‍ഡ്‌സ് നേടിയ 159 റണ്‍സ് എന്ന റെക്കോര്‍ഡാണ് 37 വര്‍ഷങ്ങള്‍ക്കു ശേഷം രോഹിത് മറികടന്നത്. വന്‍ സ്‌കോര്‍ നേടിയിട്ടും ടീമിനെ വിജയിപ്പിക്കാനായില്ല എന്നതാണു രോഹിതിനെ ദുഃഖത്തിലാഴ്ത്തുന്നത്. തോറ്റ ടീമിലെ താരം നേടുന്ന നാലാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. രോഹിത് 150നു മേല്‍ നേടിയിട്ടും രണ്ടുവട്ടം ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനൊപ്പം ഈ േെറക്കാര്‍ഡ് രോഹിത് പങ്കുവയ്ക്കുന്നു.
ഓസ്‌ട്രേലിയയില്‍ 150 റണ്‍സിന് മേല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും ഇനി രോഹിതിന് സ്വന്തം. 2004ല്‍ സിഡ്‌നിയില്‍ യുവരാജ് സിംഗ് നേടിയ 139 റണ്‍സായിരുന്നു ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ ലോകകപ്പില്‍ യുഎഇക്കെതിരെ രോഹിത് തന്നെ നേടിയ 57 റണ്‍സായിരുന്നു ഈ മത്സരത്തിന് മുമ്പ് പെര്‍ത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. വിരാട് കൊഹ്‌ലി 91 റണ്‍സ് നേടിയതോടെ പെര്‍ത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായി ഇത്.