കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.മെയ്ക് ഇന്‍ ഇന്ത്യ പഠിക്കേണ്ടത് ധാരാവിയില്‍നിന്നാണെന്നും രാഹുല്‍

മുംബൈ: ഇന്ധന വില ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് വാചാലമാകുന്ന നരേന്ദ്രമോദി പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആദ്യം പഠിക്കേണ്ടത് ധാരാവിയില്‍ നിന്നാണെന്ന് രാഹുല്‍ പറഞ്ഞു. ധാരാവിയില്‍ നടന്ന പദയാത്രക്കൊടുവില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.30 വര്‍ഷത്തിനിടെ ഒരു ഗാന്ധി കുടുംബാംഗം ധാരാവിയില്‍ എത്തുന്നത് ഇതാദ്യമാണ്. രാജീവ് ഗാന്ധിയായിരുന്നു ഒടുവില്‍ സന്ദര്‍ശനം നടത്തിയത്. സബര്‍ബന്‍ ബാന്ധ്രയില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ധാരാവിയില്‍ എത്തിയത്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ഗുണഭോക്താക്കള്‍ കുത്തക ഭീമന്മാര്‍ മാത്രമാണെന്ന് രാഹുല്‍ ആരോപിച്ചു.

”അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ താഴ്ന്നിട്ടും രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ എണ്ണവില ബാരലിന് 150 യു.എസ് ഡോളറായിരുന്നു. എന്നാല്‍ ഇപ്പോഴിത് വെറും 29 ഡോളറാണ്. വിലയിടിവ് വഴിയുള്ള ലക്ഷക്കണക്കിന് കോടികള്‍ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നറിയാന്‍ താല്‍പര്യമുണ്ട്. എന്തുകൊണ്ടാണ് പയറു വര്‍ഗങ്ങളുടെ വില കിലോക്ക് 230 രൂപയില്‍ നിന്ന് താഴോട്ട് വരാത്തത്. രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് മാത്രം മോദി സര്‍ക്കാറിന്റെ നയങ്ങളുടെ നേട്ടം ലഭിക്കുന്നതുകൊണ്ടാണിത്. പ്രധാനമന്ത്രി ഒരിക്കലെങ്കിലും സാധാരണക്കാര്‍ തിങ്ങിക്കഴിയുന്ന ധാരാവിയിലെ തെരുവുകള്‍ സന്ദര്‍ശിക്കണം. മുംബൈ നഗരത്തിന്റെ ഹൃദയത്തിലുള്ള ഈ ചേരിയില്‍ സംരംഭങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണണം. നൂറു കണക്കിന് ചെറുകിട വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന വീടുകളുണ്ട് ഇവിടെ. ആദ്യം മെയ്ക് ഇന്‍ ധാരാവിയാണ് പൂര്‍ത്തിയാക്കേണ്ടത്. എങ്കില്‍ മാത്രമേ മെയ്ക് ഇന്‍ ഇന്ത്യക്ക് മധുരമുണ്ടാകൂ”- രാഹുല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top