ബുലന്ദേശ്വര്‍: പാക് അധീന കശ്മീരിലെ സൈനിക ക്യാമ്പ് തകര്‍ത്ത ഇന്ത്യന്‍ സൈനിക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇപ്പോഴാണ് മോഡി പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കോണ്‍ഗ്രസ് പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടരവര്‍ഷത്തെ ഭരണക്കാലത്തില്‍ ഇതാദ്യമായി മോഡിയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി പദവിക്ക് യോജിക്കും വിധം മോഡി ഇതാദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ എന്റെ എല്ലാ വിധ പിന്തുണയും. രാജ്യവും കോണ്‍ഗ്രസ്സും പ്രധാനമന്ത്രിക്കൊപ്പമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
സൈനിക നടപടിയെ പ്രശംസിച്ച് വ്യഴാഴ്ച്ച രാഹുല്‍ രംഗത്തെത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രിയെ കുറിച്ച് ഒന്നും പരാമര്‍ശിച്ചിരുന്നില്ല. രാജ്യത്തെയും ജനങ്ങളേയും സംരക്ഷിച്ചികൊണ്ട് തീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ താനും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും അഭിനന്ദിക്കുന്നു. തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്കെതിരെ നമ്മള്‍ ഉറച്ചുനില്‍ക്കണമെന്നും രാഹുല്‍ വ്യാഴാഴ്ച്ച പറഞ്ഞു.