ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ബ്രിട്ടനില്‍ ബോധിപ്പിച്ചുവെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്ക് ആധാരമായി സമര്‍പ്പിച്ച രേഖകളുടെ ആധികാരികത ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി ബാലിശമാണെന്ന് വ്യക്തമാക്കിയാണ് തള്ളിയത്.
രാഹുലിനെതിരായ രേഖകള്‍ സംഘടിപ്പിച്ച രീതിയും സുപ്രീംകോടതി വിമര്‍ശിച്ചു. വാലും തുമ്പുമില്ലാത്ത അന്വേഷണങ്ങള്‍ നമുക്ക് തുടങ്ങാന്‍ കഴിയുമോ എന്ന് ബെഞ്ച് പരിഹസിച്ചു.
ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ച അതേ ആരോപണമാണ് സുപ്രീംകോടതി അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ ഹരജിയാക്കിയത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി ആദ്യമേ തള്ളിയിരുന്നു.
തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ബ്രിട്ടീഷ് അധികൃതര്‍ക്ക് മുമ്പാകെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ രാഹുലിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കണമെന്നും ശര്‍മ വാദിച്ചു. വഞ്ചനക്കും വ്യാജരേഖ ചമച്ചതിനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ശര്‍മ ബോധിപ്പിച്ചു.
സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ രാഷ്ട്രപതിക്കും സി.ബി.ഐക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും ശര്‍മയുടെ ഹരജിയിലുണ്ട്.
2003ല്‍ ‘ബാക്കോപ്സ് ലിമിറ്റഡ്’ എന്ന പേരില്‍ ബ്രിട്ടനില്‍ രാഹുല്‍ ഗാന്ധി ഒരു സ്ഥാപനം തുടങ്ങിയിരുന്നുവെന്നും ഈ കമ്പനിയുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ബ്രിട്ടനിലെ വിലാസം നല്‍കി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചെന്ന് സ്വാമി ആരോപിച്ചിരുന്നു. ഈ കമ്പനിയുടെ മൊത്തം ഓഹരികളില്‍ 65 ശതമാനവും രാഹുലിന്‍െറ പേരിലായിരുന്നു. തുടര്‍ന്ന് 2006 ഒക്ടോബര്‍ 31ന് സമര്‍പ്പിച്ച റിട്ടേണിലും രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന കാര്യം കമ്പനി ആവര്‍ത്തിച്ചു. 2003 മുതല്‍ 2009 വരെ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇത് രാഹുല്‍ വഹിക്കുന്ന ഭരണഘടനാ പദവിക്ക് വിരുദ്ധവും ഇന്ത്യയിലെ നിയമത്തിന്‍െറ ലംഘനവുമാണെന്നും സ്വാമി ആരോപിച്ചു.
രാഹുലിന്‍െറ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുന്ന കാര്യം പരിശോധിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനോടും സ്വാമി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ആരോപണം പരിഹസിച്ചു തള്ളിയ രാഹുല്‍ ഗാന്ധി തനിക്കെതിരെ ഏത് തരത്തിലുള്ള അന്വേഷണം നടത്താനും കുറ്റക്കാരനാണെന്ന് കണ്ടത്തെിയാല്‍ ജയിലിലിടാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണ് ചെയ്തത്.