സോണിയ തന്നെ നയിക്കും !..ഹുല്‍ പ്രസിഡന്‍റാകില്ല ,പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രസിഡണ്ടാവാന്‍ തയ്യാറല്ല .സോണിയ തന്നെ കോണ്‍ഗ്രസിനെ നയിക്കും . കോണ്‍ഗ്രസിന്‍െറ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവര്‍ത്തക സമിതി യോഗം ഇന്നു ചേരുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പു മുതല്‍ അടുത്ത വര്‍ഷം നടക്കേണ്ട വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതു വരെ കോണ്‍ഗ്രസിനെ സോണിയഗാന്ധി മുന്നില്‍ നിന്നു നയിക്കണമെന്നും, അതിനു ശേഷം സാഹചര്യങ്ങള്‍ മെച്ചപ്പെടുന്ന മുറക്ക് രാഹുലിനെ പ്രസിഡന്‍റാക്കണമെന്നുമുള്ള ധാരണയാണ് ഇപ്പോഴുള്ളത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയില്‍ കേന്ദ്രത്തില്‍ വിവിധ ചുമതലകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളിലെ യുവനേതാക്കള്‍ മടിക്കുന്ന സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ് രാഹുലിന്‍െറ ടീം രൂപപ്പെടുത്തുന്നതാണ് നല്ലതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
സോണിയഗാന്ധി നേതൃപരമായ പങ്ക് വഹിക്കുന്നത് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വീകാര്യവുമാണ്. മോദിസര്‍ക്കാറിനെതിരായ നീക്കങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളന കാലത്ത് സോണിയഗാന്ധിയാണ് ഇക്കാര്യത്തില്‍ ഫലപ്രദമായ പങ്ക് വഹിച്ചത്. ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടായിട്ടും നിര്‍ണായക നിയമനിര്‍മാണങ്ങളുടെ കാര്യത്തില്‍ പ്രതിപക്ഷത്തെ യോജിച്ച നീക്കം മറികടക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിച്ചില്ല.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243ല്‍ 40 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ജനതാദള്‍-യു, ആര്‍.ജെ.ഡി എന്നിവക്കൊപ്പമാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവാണെന്നിരിക്കേ, കോണ്‍ഗ്രസിന്‍െറ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും.

Top