ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയെ മഹാത്മാഗാന്ധിയുടെ വധത്തോട് ഉപമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍.എസ്.എസും ഏക ആശയം മുകളില്‍ നിന്നും അടിച്ചേല്‍പിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ സമരത്തെ അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിതിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരുദിവസം നീണ്ടുനിന്ന നിരാഹാരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രോഹിതിന്റെ മരണത്തില്‍ സംഭവിച്ചതു തന്നെയാണ് മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നില്‍ നടന്നതെന്നും രാഹുല്‍ പറഞ്ഞു. സത്യം പറയാന്‍ മഹാത്മാഗാന്ധിയെ അനുവദിക്കാത്ത ശക്തികളാണ് അദ്ദേഹത്തെ വധിച്ചതെന്നും രോഹിതിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചതെന്നും രാഹുല്‍ പറഞ്ഞു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് കണ്ട സത്യം പുറത്തു പറയാന്‍ അത്തരം ശക്തികള്‍ അനുവദിച്ചില്ല. രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും അത് ഒരു വ്യക്തിയെയോ ഒരു സമുദായത്തെയോ മാത്രം ബാധിക്കുന്നതല്ലെന്നും രാഹുല്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. രോഹിതിനെ അടിച്ചമര്‍ത്തിയവര്‍ സ്വാതന്ത്ര്യത്തിലേക്കും വികസനത്തിലേക്കുമുള്ള പാതയില്‍ വിലങ്ങുതടിയാവുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.