ന്യൂഡല്‍ഹി : കവി ഒ.എന്‍.വി.കുറുപ്പിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.ടിറ്ററിലാണ് രാഹുല്‍ അനുശോചനം രേഖപ്പെടുത്തിയത്.അതേസമയം അന്തരിച്ച മലയാളത്തിന്‍റെ പ്രിയകവി ഒഎന്‍വി കുറുപ്പിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ആദരമര്‍പ്പിച്ചിരിക്കുന്നത്.
ഒഎന്‍വിയുടെ മരണം മലയാള സാഹിത്യത്തിന് തീരാനഷ്ടംതന്നെയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ ലോകമെമ്പാടും ആദരിക്കപ്പെടുന്നവയാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു- മോദി ട്വിറ്ററില്‍ കുറിച്ചു.
അന്തരിച്ച കവി ഒ.എന്‍.വി.കുറുപ്പിന് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെയാണ് ഒഎന്‍വിയുടെ മൃതദേഹം എത്തിച്ചത്. അപ്പോള്‍ മുതല്‍ ആയിരങ്ങളാണ് അവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവര്‍ ഒഎന്‍വിക്ക് ആദരമര്‍പ്പിച്ചു.ഇന്നലെ വൈകിട്ടാണ് മലയാളത്തിന്റെ കാവ്യവിസ്മയം ഒ.എന്‍.വി.കുറുപ്പ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നാളെ പത്തു മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. ഇന്നു വൈകിട്ട് മൂന്നുവരെ വിജെടി ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.