ന്യൂഡൽഹി: സ്വകാര്യത മൗലീകാവകാശമാണെന്ന സുപ്രീംകോടതി വിധി ഫാസിസ്റ്റ് ശക്തികള്‍ക്ക് ഏറ്റ കനത്ത പ്രഹരമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വിധി എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഒളിച്ചിരുന്നുള്ള നിരീക്ഷണത്തിലൂടെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതാണ് സുപ്രീംകോടതി ഇടപെടലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. ‘ഇന്ത്യയെ നിര്‍വചിക്കുന്ന നിമിഷങ്ങള്‍’ എന്നയിരുന്നു വിധിയെ കുറിച്ച് നടന്‍ കമല്‍ഹാസന്റെ പ്രതികരണം. സ്വകാര്യത ഒരാളുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
സ്വകാര്യത മൗലികാവകാശമാണെന്നും അതു നിഷേധിക്കാൻ കഴിയില്ലെന്നുമാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഒൻപതംഗ ഡിവിഷൻ ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. 1954ലെയും 1962ലെയും സുപ്രീം കോടതിയുടെ വിധികൾ ഇതോടെ അസാധുവായി.
SC decision marks a major blow to fascist forces.A sound rejection of the BJP’s ideology of suppression through surveillance#RightToPrivacy
— Office of RG (@OfficeOfRG) August 24, 2017
സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ്. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിന്‍റെ ഭാഗമാണെന്നും സുപ്രീം കോടതി വിധിച്ചു.ഈ വിധിയോടെ സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയതടക്കമുള്ള വിഷയങ്ങൾ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. സുപ്രീം കോടതിയുടെ മുൻകാലത്തെ വിധികൾ അനുസരിച്ച് ആധാർ വിഷയത്തിൽ സ്വകാര്യത മൗലികാവകാശമല്ലെന്നും സാധാരണ നിയമം മാത്രമാണെന്നുമായിരുന്നു കേന്ദ്രസർക്കാർ വാദിച്ചിരുന്നത്.അതേസമയം, സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയെ എതിർത്ത് കേന്ദ്ര സർക്കാർ രംഗത്തെത്തി. സ്വകാര്യത മൗലികാവകാശമാണെങ്കിലും അത് പരമാവകാശമല്ലെന്നു കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.