രാഹുലിന്റെ യുഎഇ സന്ദര്‍ശനം ചരിത്രം: വിജയമാക്കിയത് ഉമ്മന്‍ ചാണ്ടി

ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശിച്ചത് ചിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കശ്മീര്‍ മുതല്‍ കേരളം വരെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസിലക്ഷങ്ങളാണ് മഹാസംഗമത്തില്‍ രാഹുല്‍ഗാന്ധിയെ കാണാനെത്തിയത്. യു.എ.ഇയ്ക്ക് പുറമേ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തിയിരുന്നു. പതിനായിരത്തോളം പേര്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിടം കിട്ടാതെ പുറത്തുനിന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗം ശ്രവിച്ചത്. രാഹുലിന്റെ പരിപാടി വിജയമാക്കിയത് കേരളത്തിന്റെ സ്വന്തം നേതാവ് ഉമ്മന്‍ ചാണ്ടിയാണ്.
ദുബായിലെ സംഗമം വിജയിപ്പിക്കുന്നതിനുള്ള ചുമതല ഉമ്മന്‍ചാണ്ടിക്കായിരുന്നു. അത് ഭംഗിയായി തന്നെ വിജയിപ്പിക്കുന്നതിനും ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലൂടെ വ്യക്തമായിരിക്കുന്നത്. നാല്‍പതിനായിരം പേര്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ സംഘാടനത്തില്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് അവിടത്തെ സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ക്കുമായി ഉമ്മന്‍ചാണ്ടി പുറപ്പെട്ടത്. ദുബായ് ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനവേളയില്‍ രാഹുല്‍ഗാന്ധിക്ക് ഉമ്മന്‍ചാണ്ടിയോടുള്ള പ്രത്യേക സ്നേഹം വ്യക്തമാക്കുന്ന സംഭവവുമുണ്ടായി. തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നതിനിടെ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തുകയായിരുന്നു.

രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.എ.ഇ യിലെ പാര്‍ട്ടി അനുഭാവികളമായി ഉമ്മന്‍ ചാണ്ടി ആശയ വിനിമയം നടത്തിയിരുന്നു. യു.എ.ഇ യിലെ മലയാളികളില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികളാണ്. കൂടാതെ കെ.എം.സി.സിയെപ്പോലുള്ള ശക്തമായ പ്രവാസി സംഘടനകളെ കൂടെ നിര്‍ത്താനും ഉമ്മന്‍ചാണ്ടിക്കായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top