കരുനാഗപ്പള്ളി: അനധികൃതമായി നിലം നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൊല്ലം വള്ളിക്കാവ് എഞ്ചിനീയറിങ്ങ് കോളേജില്‍ വിജിലന്‍സ് റെയ്ഡ്. പഞ്ചായത്ത് ചട്ടം ലംഘിച്ച് അനധികൃതമായി നിലം നികത്തുകയും കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് ഒത്താശ ചെയ്ത് അനുമതി നല്‍കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഏക്കറുകണക്കിന് വയലുകള്‍ നികത്തി നിരവധി കെട്ടിടങ്ങളാണ് അമൃത എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്‌മെന്റ് നിര്‍മ്മിച്ചിരിക്കുന്നത്. 2009-ല്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്‌മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ നേതാവ് വിജേഷ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി നികുതി ഈടാക്കുവാന്‍ ഉത്തരവ് നല്‍കി. എന്നാല്‍ 2015ല്‍ ക്ലാപ്പന പഞ്ചായത്ത് അധികൃതര്‍ നികുതിയില്‍ ഇളവ് നല്‍കി മാനേജ്‌മെന്റിനെ സഹായിക്കുകയായിരുന്നു.
റെയ്ഡില്‍ നിരവധി രേഖകള്‍ പഞ്ചായത്തില്‍ നിന്ന് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് അനധികൃത കെട്ടിട നിര്‍മ്മാണം നടത്തിയ അമൃത കോളേജിലേക്ക് വിജിലന്‍സ് സംഘം റെയ്ഡിനെത്തിയത്. വര്‍ഷങ്ങളായി ക്ലാപ്പനയിലെ അമൃതാന്ദമയി മഠം നികുതി അടയ്ക്കാതിരിന്നു സാഹചര്യത്തിലാണ് സിപിഎം പ്രവര്‍ത്തകന്‍ നിയമ പോരാട്ടത്തിനിറങ്ങിയത്.
കൊല്ലം ക്ലാപ്പന പഞ്ചായത്തില്‍ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്‌സ് ഹോസ്‌ററല്‍ കെട്ടിടങ്ങള്‍, അഞ്ചു വര്‍ക്ക്‌ഷോപ്പ് കെട്ടിടങ്ങള്‍, തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നിപതി കെട്ടിടങ്ങള്‍,എട്ട് ഗോഡൗണുകള്‍,നാല് ഗേള്‍സ് ഹോസ്‌ററലുകള്‍ ,ഒരു സബ്‌സ്റ്റേഷന്‍,രണ്ടു മെസ്സ്,രണ്ടു പവര്‍ ഹൗസ് ബില്‍ഡിങ്, ഒരു ടി ബി ഐ(ടെക്‌നോളജി ബിസിനസ്സ് ഇന്ക്യുബെറ്റര്‍) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മഠം സ്ഥാപനങ്ങള്‍ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതില്‍ തന്നെ 15 ഏക്കറിന് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
അമൃതാനന്ദ മയി മഠം ഒരുകോടി സര്‍ക്കാറിലേക്ക് അടയ്ക്കുന്നതില്‍ നിര്‍ബന്ധിതനാക്കിയ വിജേഷ് തന്റെ പോരാട്ടങ്ങള്‍ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് സംസ്ഥാന വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് പരാതി നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് വിജേഷ് പരാതി നല്‍കിയിയത്. ഈ പരാതിയാണ് വിജിലന്‍സ് കാര്യമായെടുത്ത് നടപടിയെടുക്കുന്നത്.