കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന സംശത്തെ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. 500, 1000 നോട്ടുകളുടെ നിരോധനം മുതലെടുത്ത് കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരെ ഉരുന്ന ആരോപണം. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുന്നതായാണ് റിപ്പോര്‍ട്ട്. മലബാര്‍ ഗോള്‍ഡിന്റെ കോഴിക്കോടു കേന്ദ്രത്തിലും ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്.
ആദായ നികുതി കുപ്പിന്റെ പ്രത്യേക ഇന്റലിജന്‍സ് സ്‌ക്വാഡാണു റെയ്ഡിനു നേതൃത്വം നല്‍കുന്നത്. ജൂവലറികളില്‍ വ്യാപകമായി കള്ളപ്പണം വരുന്നുണ്ടെന്ന വിവരം നേരത്തെ കിട്ടിയതിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ് നടത്തിയത്. ഇവിടങ്ങളില്‍ നികുതിവെട്ടിപ്പിനായി പല പദ്ധതികളും നടത്തുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. വിവിധ നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണു ജുവലറികള്‍ എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ, 500, 1000 രൂപയുടെ കറന്‍സികള്‍ നിരോധിച്ച പുതിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി റെയ്ഡ് നടത്താനുള്ള തീരുമാനം വന്നത്. നോട്ട് നിരോധനത്തിനു ശേഷം കോടികളുടെ സ്വര്‍ണം വില്‍പ്പന നടത്തിയതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന. നേരത്തെയും ഹവാലപണവും കള്ളക്കടത്ത് സ്വര്‍ണ ഉപയോഗവുമായി ബന്ധപ്പെട്ടും ഈ ജ്വല്ലറിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സിസി ടിവി ദൃശ്യമുള്‍പ്പെടെ പരിശോധിച്ചായിരിക്കും സ്വര്‍ണ്ണവില്‍പ്പനയുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത്. കര്‍ശന നിയന്ത്രങ്ങളോടെയാണ് സ്വര്‍ണ്ണ വില്‍പ്പന നടത്താവൂ എന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് മലബാര്‍ ഗോള്‍ഡ് സ്വര്‍ണ്ണ വില്‍പ്പന നടത്തിയതെന്നാണ് സൂചന.