ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മുംബൈ ഡോംഗ്രിയിലെ ഓഫീസിലും വീടുകളിലുമടക്കം പത്തിടങ്ങളിലാണ് പരിശോധന. മുംബൈ പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ ആറുമണിമുതല്‍ ആരംഭിച്ച പരിശോധന തുടരുകയാണ്.
സാക്കിര്‍ നായിക്കിനും ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതിന് പിന്നാലെയാണ് എന്‍ഐഎയുടെ പരിശോധന.
അതിനിടെ, സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കും വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന്റെയും പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രാജ്യത്തെ മുസ്ലിം യുവാക്കളെ സാക്കിര്‍ നിയമവുരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന് എഫ്‌ഐആറില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സാക്കിറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ പ്രകാരമാണ് ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. പീസ് ടിവിയുമായി ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് കണ്ടത്തിയതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പീസ് ടിവിയുടെ സഹായമുള്ളതായി സംശയമുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ രാജ്യത്ത് വിവധയിടങ്ങളിലായി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ സാക്കിര്‍ നായിക്കിന്റെ ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.