കണ്ണൂര്‍: ഈ അഹമ്മദിന്റെ പിന്‍ഗാമിയായി മൂത്ത മകന്‍ റയീസ് അഹമ്മദ് എത്തുമോ? മുസ്ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന അന്തരിച്ച ഇ. അഹമ്മദിന്റെ മൂത്ത മകന്‍ റയീസ് അഹമ്മദ് ലീഗ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നത് ഈ സൂചനകളാണ്.
ഇ. അഹമ്മദ് ദീര്‍ഘ കാലം പ്രസിഡന്റായിരുന്ന കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ പ്രസിഡന്റായി റയീസ് മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത് ഇതിന്റെ ആദ്യ പടിയാണെന്നാണ് വിലയിരുത്തല്‍. ഒമാനില്‍ ഗള്‍ഫാര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍ റയീസ് അഹമ്മദ്.
ദീനുല്‍ ഇസ്ലാം സഭയുടെ സജീവ പ്രവര്‍ത്തകനായിരിക്കെയാണ് ഇ. അഹമ്മദ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. കണ്ണൂര്‍ നഗരസഭ ചെയര്‍മാനായാണ് അഹമ്മദ് തന്റെ പാര്‍ലമെന്ററി ജീവിതത്തിനും തുടക്കം കുറിച്ചതും. ഇ. അഹമ്മദിന്റെ കുടുംബ പാരമ്പര്യവും റഹീസിന്റെ പ്രഫഷണല്‍ വിദ്യാഭ്യാസവും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ലീഗിന് മുതല്‍ കൂട്ടാകുമെന്നാണ് കണക്കു കൂട്ടല്‍. കണ്ണൂര്‍ എളയാവൂരില്‍ സിഎച്ച് സെന്റര്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ദിവസം റയീസും സജീവ പങ്കാളിയായിരുന്നു.
തുടക്കകാലം മുതല്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അഹമ്മദ് 1973ലാണ് പ്രസിഡന്റായത്. ഇപ്പോള്‍ ദീനുല്‍ ഇസ്ലാംസഭയ്ക്കു കീഴില്‍ ആദ്യമായി എല്‍പി സ്‌കൂള്‍ ആരംഭിച്ചതും ഇ. അഹമ്മദിന്റെ നേതൃത്വത്തിലാണ്. തുടര്‍ന്ന് സ്ഥാപനം പടിപടിയായി വളര്‍ന്ന് യതീംഖാന, ഹംദര്‍ദ് സര്‍വകലാശാലാ ഓഫ് കാംപസ്, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വനിതാ കോളേജ്, അറബിക് കോളജ്, ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസ എന്നിവ ആരംഭിച്ചു. ദീനുല്‍ ഇസ്ലാം സഭയെ പടുത്തുയര്‍ത്തിയ ഇ. അഹമ്മദിന്റെ സ്മരണ നിലനിര്‍ത്താനാണ് അദ്ദേഹത്തിന്റെ മകനെ തന്നെ പ്രസിഡന്റാക്കിയതെന്നാണെന്നാണ് മറ്റു നേതാക്കള്‍ പറയുന്നത്. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവിയുടെ നേതൃത്വത്തിലാണ് റയീസിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.
മുസ്ലീം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ കണ്ണൂരിലെത്തി റയീസും മറ്റു കുടുംബാംഗങ്ങളുമായി രാഷ്ട്രീയപ്രവേശനത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. പാണക്കാട് കുടുംബവുമായി അരനൂറ്റാണ്ടിലേറെയായി ഇ. അഹമ്മദിന് വലിയ ആത്മബന്ധമാണുണ്ടായിരുന്നത്. പാണക്കാട് കുടുംബത്തിലെ നാലു തലമുറയുമായും നല്ല ബന്ധമുണ്ടായിരുന്ന ഏക മുസ്ലീം ലീഗ് നേതാവും ഇ. അഹമ്മദായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രായാധിക്യം മൂലം ഇ. അഹമ്മദിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ പാണക്കാട് തങ്ങള്‍ നേരിട്ട് ഇടപെട്ടാണ് അദ്ദേഹത്തിന് സീറ്റ് നല്‍കിയത്. ഇ. അഹമ്മദിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ എത്തുന്നതിനോട് പാണക്കാട് തങ്ങള്‍ക്കും വലിയ താത്പര്യമുണ്ട്.