കോണ്‍ഗ്രസ്സില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ വക്താവ് സ്ഥാനം ഒഴിയാന്‍ തീരുമാനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ആവശ്യപ്പെടുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഗ്രൂപ്പുകാരുടെ ഇഷ്ടത്തിനനുസരിച്ച് സംസാരിക്കനാവില്ലെന്നും സ്ഥാനം ഒഴിയേണ്ട കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പാക്കി മാറ്റുന്നു. വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ ഉണ്ണിത്താനും ഹസ്സനും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഉണ്ണിത്താനെ വക്താവ് ആക്കരുതെന്ന് പറഞ്ഞ ഹസന്, തന്നെ നിയമിച്ചത് ഹൈക്കമാന്‍ഡെന്ന വാദമായിരുന്നു മറുപടി.
ഇതിനിടെ കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റിലായി. മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായത്. അനൂപ് ഇട്ടന്‍, ഷബീര്‍ മുട്ടം തുടങ്ങിയ നേതാക്കളാണ് പിടിയിലായത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയായിരുന്നു എറണാകുളം ഡി.സി.സി ഓഫിസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ച് പ്രതിഷേധം നടത്തിയത്.
ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരിലാണ് റീത്തും ശവപ്പെട്ടിയും വെച്ചത്. ശവപ്പെട്ടിക്ക് സമീപം കരിങ്കൊടിയും വെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസുമാരാണെന്നും പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചുവെന്നും എഴുതി പോസ്റ്ററും ഡിസിസി ഓഫീസിന് മുന്നില്‍ വെച്ചിരുന്നു. സംഭവം അറിഞ്ഞ് ഡിസിസി നേതൃത്വം ശവപ്പെട്ടിയും റീത്തും പോസ്റ്ററും എടുത്തുമാറ്റുകയായിരുന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ ജില്ലയിലെ നേതാക്കള്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു.