കോഴിക്കോട്: കഴുത്തില്‍ ആഴത്തിലുള്ള മുറിവോടെ വീട്ടമ്മയുടെ മൃതദേഹം മുപ്പതടിയോളം താഴ്ചയുള്ള കിണറ്റില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെ. കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം ദേശപോഷിണി വായനശാലയ്ക്ക് സമീപം തിരുമംഗലത്ത് കിഴക്കെ പറമ്പില്‍ ‘മഞ്ജുഷ’ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പോത്തോള്ളിച്ചില്‍ പ്രേമന്റെ ഭാര്യ പള്ളിയില്‍ രജനി (48)യുടെ മരണം ക്രൂര കൊലപാതകമാണെന്ന നിലപാടിലാണ് പൊലീസ്. ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ കൊലപാതകിയെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.
കഴുത്തിന്റെ മുന്‍വശത്ത് താടിയെല്ലിന് താഴെയാണ് മുറിവ്. ഇവരുടെ വീടിന്റെ സ്വീകരണമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. ഇവിടെനിന്ന് അടുക്കളവാതില്‍ വഴി കിണര്‍ വരെയുള്ളയിടത്തേക്ക് രക്തംപുരണ്ട കാല്‍പ്പാടുകളുമുണ്ട്. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് നിഗമനം. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ മൂത്തമകന്‍ രാഹുല്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.
സുഹൃത്തിനൊപ്പം വീട്ടിനകത്തേക്ക് കയറിയപ്പോള്‍ സ്വീകരണമുറിയില്‍ രക്തം കിടക്കുന്നുണ്ടായിരുന്നു. ഒരാള്‍പ്പൊക്കത്തില്‍ കണ്ണാടിയിലും രക്തംതെറിച്ചിരുന്നു. രക്തംപുരണ്ട കാല്‍പ്പാടിനെ പിന്തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ആള്‍മറയുള്ള കിണറില്‍ മുകള്‍ഭാഗം കമ്പിവലയിട്ട് മറച്ചിട്ടുണ്ട്. വീട്ടില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളില്ല. മാക്സിയാണ് ഇവരുടെ വേഷം.
പ്രേമന്‍ കാര്‍ ഡ്രൈവറാണ്. അഞ്ച് വര്‍ഷത്തോളമായി ഇവിടെ താമസമാക്കിയിട്ട്. വീടിന്റെ പുറകിലും ഇടതുവശത്തും ആളൊഴിഞ്ഞ പറമ്പാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതല്‍ തൊട്ടടുത്തുള്ള വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. മകന്റെ കരച്ചില്‍ കേട്ടെത്തിയവരാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസിന്റെ സാന്നിധ്യത്തില്‍ ബീച്ച് അഗ്നിരക്ഷാസേന യൂണിറ്റാണ് പുറത്തെടുത്തത്.
വീടും വീടിന്റെ പിന്‍വശത്തുള്ള കിണര്‍ പരിസരവും പൊലീസ് സീല്‍ ചെയ്തു. മക്കള്‍: രാഹുല്‍ (ബിരുദ വിദ്യാര്‍ത്ഥി, ഭാരത് കോളേജ്), പ്രണവ് (വിദ്യാര്‍ത്ഥി).