ചെന്നൈ :രജനീകാന്ത് ഉടന്‍ മോദിയെ കാണും.അടുത്ത ആഴ്ച്ച തന്നെ രജനീകാന്ത് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനായി ഡല്‍ഹിക്ക് പോകുമെന്നാണ് ചെന്നൈയില്‍ നിന്നുള്ള വാര്‍ത്തകള്‍.ചില ബിജെപി നേതാക്കള്‍ അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്.സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബിജെപി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് ലഭ്യമായ ഏക വിവരം.
തമിഴ് ജനത വര്‍ഷങ്ങളായി കാത്തിരിക്കുന്ന തന്റെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനീകാന്ത് തന്നെ സൂചന നല്‍കിയിരുന്നു. അഞ്ചു ദിവസത്തോളം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവില്‍ ‘യുദ്ധസജ്ജരാകാന്‍’ രജനീകാന്ത് നല്‍കിയ ആഹ്വാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയുടെ ആദ്യ ദിനത്തില്‍, ദൈവം തീരുമാനിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനവും താരം നടത്തിയിരുന്നു.
എംജിആര്‍ മുതല്‍ ജയലളിത വരെയുള്ള താരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴക രാഷ്ട്രീയ ചരിത്രമാണ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോള്‍ രജനിക്കു മുന്നിലുള്ളത്. പരമ്പരാഗതമായി ചലച്ചിത്ര താരങ്ങള്‍ക്കു വന്‍ വേരോട്ടം ലഭിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ വരവിനെ ദ്രാവിഡ പാര്‍ട്ടികളും ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ ദേശീയ പാര്‍ട്ടികളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. താരത്തെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പാര്‍ട്ടികള്‍ കച്ചമുറുക്കുന്നതിനിടെയാണ് മോദി–രജനീകാന്ത് കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോള്‍ മറ്റു പാര്‍ട്ടികള്‍ കരുതലോടെയാണു പ്രതികരിച്ചത്.
എന്നാല്‍, രജനി–മോദി കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ബിജെപി തമിഴ്നാട് ഘടകം തയാറായിട്ടില്ല. അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും സൂചനകളുണ്ട്. അതിനിടെ, അണ്ണാ ഡിഎംകെയുമായി വിഘടിച്ചു നില്‍ക്കുന്ന ഒ.പനീര്‍സെല്‍വം വിഭാഗം ബിജെപിയുമായി സഹകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിജെപിയുമായി സഹകരണത്തിന്റെ സൂചന നല്‍കി പനീര്‍സെല്‍വം ഇന്നലെ വൈകിട്ട് ട്വിറ്ററിലിട്ട കുറിപ്പ് രാത്രി വൈകി നീക്കം ചെയ്തിരുന്നു.
അതിനിടെ, പനീര്‍സെല്‍വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് രജനിയുമായുള്ള കൂടിക്കാഴ്ചയെന്നും അഭ്യൂഹങ്ങളുണ്ട്. അണ്ണാ ഡിഎംകെയിലെ വിഭാഗീയത അവസാനിപ്പിച്ച് അവരുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം ആരംഭിച്ചിട്ട് ദിവസങ്ങളായി. രജനീകാന്തിനെപ്പോലെ സുസമ്മതനായ വ്യക്തിയെ എത്തിച്ച് ആദ്യം പാര്‍ട്ടിയെയും, പിന്നീട് അണ്ണാ ഡിഎംകെയെ സഹകരിപ്പിച്ച് മുന്നണിയെയും ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. ജയലളിതയുടെ വിയോഗവും കരുണാനിധിയുടെ അനാരോഗ്യവും തമിഴ് രാഷ്ട്രീയത്തില്‍ തീര്‍ത്തിരിക്കുന്ന വന്‍വിടവില്‍ രജനീകാന്തെന്ന ജനപ്രിയ താരത്തെ പ്രതിഷ്ഠിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അങ്ങനെ, തമിഴ് ജനതയെ കാവിക്കൊടിക്കു കീഴില്‍ അണിനിരത്താമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
1996 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണു രജനി ആദ്യം രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞത്. ജയലളിത വീണ്ടും അധികാരത്തിലെത്തിയാല്‍ തമിഴകത്തെ ദൈവത്തിനു പോലും രക്ഷിക്കാനാകില്ലെന്നായിരുന്നു അത്. (ഇതില്‍ ഖേദിക്കുന്നതായി അദ്ദേഹം പിന്നീടു പറഞ്ഞു, ജയയുമായി സൗഹൃദത്തിലാകുകയും ചെയ്തു). ഡിഎംകെ വന്‍ഭൂരിപക്ഷത്തോടെ അന്ന് അധികാരത്തിലെത്തി.
2004 ല്‍ ബിജെപിക്കു വോട്ട് ചെയ്യുമെന്നു പരസ്യപ്രഖ്യാപനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. രാജ്യമാകെ ബിജെപി തരംഗം വീശിയെങ്കിലും തമിഴ്നാട്ടില്‍ ബിജെപിക്കും സഖ്യകക്ഷി പിഎംകെയ്ക്കും കിട്ടിയത് ഓരോ സീറ്റ് വീതം. ആര്‍കെനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഗംഗൈ അമരന്‍ ബിജെപി സ്ഥാനാര്‍ഥിയായപ്പോള്‍ തനിക്കു രജനിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു നിഷേധിച്ചു.