കയത്തില്‍ താഴ്ന്ന കുട്ടികളെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ കൗമാരക്കാരിയുടെ ധീരത നാടിന് അഭിമാനമാകുന്നു

പത്തനംതിട്ട: തിരുവല്ലക്കാര്‍ക്ക് അഭിമാനമാകുകയാണ് രാജശ്രീ(21) എന്ന കൗമാരക്കാരിയുടെ ധീരത. പമ്പയുടെ ആഴങ്ങളില്‍ മുങ്ങിത്താഴുമായിരുന്ന രണ്ട് ജീവനുകള്‍ തിരിച്ച് പിടിച്ചാണ് രാജശ്രീ നാടിന് മാതൃകയാകുന്നത്. തിരുവല്ല കോയിപ്രം പൂവത്തൂര്‍ കൊടിഞ്ഞൂര്‍ വീട്ടില്‍ അഭിജിത്ത്(12), അനുജിത്ത് (6) എന്നിവരെയാണ് നദിയില്‍ നിന്ന് അയല്‍വാസിയായ മണ്ണാവുന്നു മേപ്രത്ത് ഗീതാഭവനില്‍ രാജശ്രീ രക്ഷിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. മുത്തശ്ശിക്കൊപ്പം പമ്പാനദിയിലെ കൊടിഞ്ഞൂര്‍ കടവില്‍ കുളിക്കാന്‍ പോയതാണ് കുട്ടികള്‍. മുത്തശ്ശി കുളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ സമീപമുള്ള മറ്റൊരു കടവിലേക്ക് പോയി കളിക്കാന്‍ തുടങ്ങി. നദിക്ക് നല്ല ആഴമുള്ള ഭാഗമാണിവിടം. പശുവിനെ അഴിച്ചുകെട്ടാന്‍ രാജശ്രീ ഈ ഭാഗത്തേക്ക് ചെന്നപ്പോള്‍ കുട്ടികള്‍ തീരത്തിരുന്ന് കളിക്കുന്നത് കണ്ടിരുന്നു. തീരത്തുനിന്ന് അനുജിത്ത് രണ്ടടി മാറിയതോടെ കയത്തിലേക്ക് താഴ്ന്നു. അനുജന്‍ മുങ്ങിത്താഴുന്നതു കണ്ട അഭിജിത്ത് ഉറക്കെ നിലവിളിച്ചു. കരച്ചില്‍ കേട്ട് രാജശ്രീ ഓടിയെത്തിയപ്പോഴേക്കും അനുജിത്തിനെ രക്ഷിക്കാന്‍ അഭിജിത്തും നദിയിലേക്ക് ചാടിക്കഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീന്തല്‍ അറിയാത്ത രണ്ടുപേരും മുങ്ങുന്നത് കണ്ട രാജശ്രീ വെള്ളത്തിലേക്ക് എടുത്തുചാടി. അനുജിത്ത് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. അടിത്തട്ടിലേക്ക് ഊളിയിട്ട് രാജശ്രീ കോരിയെടുത്തു. ഒപ്പം അഭിജിത്തിന്റെ മുടിക്ക് പിടിച്ച് കരയിലേക്ക് നീന്തി. രണ്ടുപേരെയും തീരത്ത് എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. കുട്ടികളെ അന്വേഷിച്ച് മുത്തശ്ശിയും അപ്പോഴേക്കും കടവിലെത്തി. അച്ഛന്‍ ബി.രാമചന്ദ്രന്‍ നായര്‍ പത്തനംതിട്ട പി.എസ്.സി ഓഫീസിലെ ഉദ്യോഗസ്ഥനാണ്. ബി.എസ്.സി കഴിഞ്ഞ് പി.എസ്.സി. പരീക്ഷക്കായി പരിശീലിക്കുകയാണ് രാജശ്രീ.

Top