രാജസ്ഥാൻ: ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതലരിച്ച് നശിച്ചു. ഒരു വനിതാ ഉപഭോക്താവ് ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത് അറിയുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരിൽ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. ബാങ്കിനെതിരെ ലോക്കർ ഉടമ സുനിത മേത്ത അധികാരികൾക്ക് പരാതി നൽകി.
വ്യാഴാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ സുനിത, ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ ചിതലുകളെ കണ്ടതിനെത്തുടർന്ന് ബാങ്ക് മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു.
തുണിസഞ്ചിയിൽ രണ്ട് ലക്ഷം രൂപയും ബാഗിന് പുറത്ത് 15,000 രൂപയുമാണ് സൂക്ഷിച്ചിരുന്നത്. കേടുവന്ന 15,000 രൂപ ബാങ്ക് മാനേജർ മാറ്റി നൽകിയെങ്കിലും വീട്ടിലെത്തി ബാഗിൽ ഉണ്ടായിരുന്ന നോട്ടുകൾ തുറന്നപ്പോൾ, അതിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ നോട്ടുകളിലും ചിതലിനെ കണ്ടെത്തി.
വിവരം ഉന്നത അധികാരികളെ അറിയിച്ചതായും പ്രശ്നം പരിഹരിക്കാൻ ഉപഭോക്താവിനെ വിളിച്ചിട്ടുണ്ടെന്നും സീനിയർ മാനേജർ പറഞ്ഞു.