
ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലെത്തിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അഞ്ചുവര്‍ഷക്കാലമേ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുള്ളൂവെങ്കിലും അമ്പതുവര്‍ഷത്തെ നേട്ടങ്ങളാണ് അദ്ദേഹത്തിന്റെ കാലത്തുണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധിയുടെ 25- ാമതു രക്തസാക്ഷിത്വ വാര്‍ഷികദിനാചരണം കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയഞ്ചുവര്‍ഷം കഴിഞ്ഞിട്ടും രാജീവ് ഗാന്ധി നമ്മുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് പ്രതിസന്ധിയുണ്ടാകുമ്പോള്‍ രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചുപോകുന്നു. 21-ാം നൂറ്റാണ്ട് മുന്നില്‍ കണ്ടുകൊണ്ട് അദ്ദേഹം ആവിഷ്കരിച്ച പദ്ധതികള്‍ അത്ഭുതത്തോടെയേ നോക്കിക്കാണാനാവൂ. പ്രത്യേകിച്ച് ടെലികമ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്ര-സാങ്കേതികരംഗത്ത്. ദീര്‍ഘവീക്ഷണത്തോടെ ഇന്ത്യയെ നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കോടാനുകോടി ജനങ്ങള്‍ക്ക് 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നതിന് സാഹചര്യമൊരുക്കിയ അനശ്വരപ്രതിഭ എന്ന് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
രാജീവ് ഗാന്ധിക്കുള്ള സുരക്ഷ പിന്‍വലിച്ച് അദ്ദേഹത്തെ ഭീകരസംഘടനകള്ക്കുമുന്നില് എറിഞ്ഞുകൊടുത്ത സംഭവം നീറുന്ന വേദനയോടെയേ നമുക്ക് സ്മരിക്കാനാവൂ എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വി.എം. സുധീരന്
സി.പി.എം. അധികാരത്തില്‍ വരാനൊരുങ്ങുമ്പോഴേയ്ക്കും കേരളത്തിന്റെ മണ്ണില്‍ ചോരവീഴാന്‍ തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു എന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു.
പിണറായിയിലും കയ്പമംഗലത്തും ഉണ്ടായ സംഭവങ്ങള്‍ അതിന്റെ തുടക്കമാണ്. എല്ലാം ശരിയാകും എന്നുപറഞ്ഞ സി.പി.എം. പ്രായത്തിന്റെയും ശാരീരികാസ്വാസ്ഥ്യത്തിന്റേയും പേരില്‍ അച്യുതാനന്ദനെപ്പോലും ഒഴിവാക്കാന്‍ മടിച്ചില്ല. തെരഞ്ഞെടുപ്പിന് സംസ്ഥാനം മുഴുവന്‍ ഓടിനടന്ന ആളാണ് അച്യുതാനന്ദന്. ആ അച്യുതാനന്ദനെയാണ് ആദ്യം ശരിയാക്കിയത്. പാര്‍ട്ടിയുടെ സമുന്നത നേതാവിനെപ്പോലും കൈകാര്യംചെയ്യുന്ന രീതിയിലേയ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുന്നു.
കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നും ഐക്യജനാധിപത്യമുന്നണിയെ അവഗണിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും സുധീരന് തറപ്പിച്ചു പറഞ്ഞു.
അതുപോലെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ പോലെയുള്ളവരെ നാം കരുതിയിരിക്കണം. വര്‍ഗ്ഗീയ-ഫാസിസ്റ്റ് ശക്തികളില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര-ജനാധിപത്യ വിശ്വാസികളുടെ ശക്തമായ മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്.
രാജീവ് ഗാന്ധി ഇന്ത്യയിലെ ജനതയെ ഇന്നും ആവേശം കൊള്ളിക്കുന്നുണ്ട്. ഒരു പുതിയ ദിശാബോധത്തോടെ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോയ ഭാവനാസമ്പന്നനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ഒട്ടേറെ സംഭാവനകള്‍ അദ്ദേഹം നല്കി.
ചുവപ്പുനാട ഒഴിവാക്കി സുതാര്യവും കാര്യക്ഷമവുമായ ഭരണമാണ് അദ്ദേഹം നടത്തിയത്. ഭാവിതലമുറയെ സ്വാധീനിക്കുന്ന ദേശീയ വിദ്യാഭ്യാസനയം അദ്ദേഹം കൊണ്ടുവന്നു. വിദേശനയം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളുടെ പുരോഗതിക്കുവേണ്ടി അദ്ദേഹം നടത്തിയപരിശ്രമങ്ങള് എന്നും ജനങ്ങള്‍ ഓര്‍മ്മിക്കും. വാര്‍ത്താവിനമയ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കി. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ പുരോഗതി ഉണ്ടായി. അത് ദേശീയവളര്ച്ചയ്ക്ക് സഹായകമായി. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി അദ്ദേഹം പ്രയത്നിച്ചു. പാര്‍ലമെന്ററി രംഗത്തിനുനല്കിയ പ്രാധാന്യവും എടുത്തുപറയേണ്ടതുണ്ട്. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകാന്‍ രാജീവ് ഗാന്ധി പരിശ്രമിച്ചുവെന്നും സുധീരന് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ അധികാരവികേന്ദ്രീകരണം നടപ്പിലാക്കുന്നതിന് മുന്നോട്ടുവന്നതും, 18 വയസ്സില്‍ വോട്ടവകാശം അനുവദിച്ചതും ജനാധിപത്യത്തെ കൂടുതല്‍ ശക്തീകരിക്കാന്‍ ഇടയാക്കി എന്ന് വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
തലേക്കുന്നില്‍ ബഷീര്‍ പ്രസംഗിച്ചു. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് സ്വാഗതവും ഡോ. ശൂരനാട് രാജശേഖരന് കൃതജ്ഞതയും പറഞ്ഞു.