
കൊച്ചി: മൂന്നാര്‍ എം.എല്‍.എ എസ്.രാജേന്ദ്രന് ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി.എസ്.അച്യുതാനന്ദന്. ഭൂമി കയ്യേറിയെന്ന് ആരോപണം നേരിടുകയാണ് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്. രാജേന്ദ്രനെതിരെ നടപടി വേണമെന്ന ചിന്ത സ്വാഭാവികമാണ്. സബ് കലക്ടര്‍ ശ്രീറാം വെങ്കിടേശ്വര് സര്‍ക്കാരിന്റെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഭൂമാഫിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ കാല് വെട്ടും, രണ്ടു കാലില്‍ നടക്കില്ല എന്നൊക്കെ വിളിച്ചു കൂവുന്ന ഭൂമാഫിയയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം എംഎല്‍എയായ രാജേന്ദ്രന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് വീടു നിര്‍മ്മിക്കുന്നതെന്ന വിവാദം കത്തിപ്പടരുന്നതിനിടെയാണ് രംഗം കൊഴുപ്പിച്ച് വിഎസ് രംഗത്തുവന്നിരിക്കുന്നത്. രാജേന്ദ്രന് താമസിക്കുന്നത് കൈയേറിയ ഭൂമിയിലല്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി രാജേന്ദ്രന് അടക്കമുള്ള ഇടുക്കിയിലെ സി.പി.എം നേതാക്കളെ ശക്തമായി ന്യായീകരിച്ചതിനു പിന്നാലെയാണ് വി.എസ്സിന്റെ അഭിപ്രായ പ്രകടനമെന്നതിന് വലിയ പ്രാധാന്യമുണ്ട്.
മൂന്നാറില്‍ കയ്യേറ്റം തുടരുന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. പ്രകടന പത്രികയിലെ വാഗ്ദാനം എല്‍ഡിഎഫ് പാലിക്കണം. വേണ്ടിവന്നാല്‍ മൂന്നാറിലേക്ക് പോകും. ഭൂമി കയ്യേറിയത് എത്ര ഉന്നതരായാലും ഒഴിപ്പിക്കണം. കയ്യേറ്റങ്ങള്‍ കൂടിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 92 കെട്ടിടങ്ങള്‍ പൊളിച്ചു. ടാറ്റാ ടീ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയ്യേറ്റം നടന്നപ്പോള്‍ ചെന്നിത്തല ഉറങ്ങുകയായിരുന്നോയെന്നും വിഎസ് ചോദിച്ചു. മൂന്നാര്‍ ദൗത്യം പരാജയമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അതേസമയം, മൂന്നാറില്‍ സിപിഎം കയ്യേറിയ പാര്‍ട്ടി ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന വീടിനു പട്ടയമുണ്ടെന്ന എസ്.രാജേന്ദ്രന് എംഎല്‍എയുടെ അവകാശവാദം തെറ്റാണമെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. 2000ല്‍ പട്ടയം ലഭിച്ചെന്നായിരുന്നു രാജേന്ദ്രന്റെ അവകാശവാദം. എന്നാല്‍ പട്ടയം നല്‍കേണ്ട ലാന്‍ഡ് അസൈന്മെന്റ് കമ്മിറ്റി 2000 മുതല്‍ 2003 വരെ കൂടിയിട്ടില്ല. ഇത് തെളിയിക്കുന്ന വിവരാവകാശരേഖയും പുറത്തായി