പത്തനംതിട്ട: ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളില്ലെല്ലാം പ്രതിസന്ധികളായിരുന്നു എന്നിട്ടും തോല്‍ക്കാന്‍ മനസില്ലാത്തെ ജിവിതമാണ് രാജേഷ് ജോണ്‍ എന്ന ചെറുപ്പക്കാരനെ വേറിട്ടതാക്കുന്നത്. ജന്മനാ ഒരു കാലിന്റെ തളര്‍ച്ച പിന്നാലെ ജീവിത പ്രാരാബ്ധങ്ങളും എങ്കിലും തളരാത്ത മനസമായി ഈ യുവാവ് പോരാട്ടം തുടര്‍ന്നു.
അയര്‍ലന്‍ഡിലെ ഡബ്ലിളിനില്‍ നടന്ന ലോകശരീരസൗന്ദര്യ മല്‍സരത്തില്‍ അംഗപരിമിതരുടെ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രാജേഷ് ജോണ്‍ (28) ലോകചാമ്പ്യനായപ്പോള്‍ അത് മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായി. ഏനാത്ത് മെതുകുമ്മേല്‍ ഉമ്മരപ്പള്ളിയില്‍ ജോണ്‍-ദമ്പതികളുടെ മകനാണ് രാജേഷ്.
പിറന്നപ്പോള്‍ തന്നെ ഒരു കാലിന് വൈകല്യമുണ്ടായിരുന്നു. പക്ഷേ, രാജേഷ് എന്ന കൊച്ചുമിടുക്കന്‍ തളര്‍ന്നില്ല. നിശ്ചയദാര്‍ഢ്യം കൈമുതലാക്കി വളര്‍ന്നു. അതാണിപ്പോള്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് മേലെ ഇന്ത്യയുടെ പേര് എഴുതിച്ചേര്‍ക്കാന്‍ രാജേഷിനെ സഹായിച്ചത്. ഫൈനല്‍ റൗണ്ടില്‍ മത്സരിച്ച ആറു പേരില്‍ നിന്നാണ് രാജേഷ് ചാമ്പ്യനായത്. അംഗപരിമിതരുടെ വിഭാഗത്തില്‍ അഞ്ചു പ്രാവശ്യം മിസ്റ്റര്‍ കേരളയും മൂന്നുതവണ ദേശീയ ചാമ്പ്യനുമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും രാജേഷിന് അവസരം ലഭിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതിന് കഴിഞ്ഞില്ല. ഇത്തവണയും പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന് രാജേഷ് പറഞ്ഞു. പട്ടാഴി വടക്കേക്കര ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ജോസ് മാത്യു 2.50 ലക്ഷം രൂപ ഇതിനായി വായ്പ അനുവദിച്ചു കൊടുത്തതു കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായത്. 10 വര്‍ഷം മുന്‍പ് ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ സെക്രട്ടറി വി സി. അരുണ്‍കുമാറാണ് രാജേഷിനെ ഈ രംഗത്തേക്ക് നയിച്ചത്.
തനിക്ക് ഇതൊക്കെ കഴിയുമെന്ന ആത്മവിശ്വാസം തന്നതും അരുണ്‍ ആണ്. ചിട്ടയും എന്നാല്‍ കഠിനവുമായ പരിശ്രമങ്ങളിലൂടെ രാജേഷ് വളര്‍ന്നു. സിക്സ് പാക്ക് ബോഡിയുമായി രാജേഷ് നില്‍ക്കുന്നത് കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ആരും പറയില്ല ഈ ചെറുപ്പക്കാരന്‍ അംഗപരിമിതന്‍ ആണെന്ന്. ഏനാത്ത് പവര്‍ ജിം നടത്തുകയാണ് രാജേഷ്.