സൗന്ദര്യ ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ അഭിനയിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അഭിനേതാവ് രജിഷ വിജയന്‍. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയവരെ ആദരിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജിഷ. കഴിഞ്ഞ ദിവസം വന്ന ഇത്തരമൊരു ഓഫര്‍ താന്‍ നിരസിച്ചുവെന്നും രജിഷ പറഞ്ഞു.
നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നാണ് നടി വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ സൗന്ദര്യക്രീമുകളുടെയും തലമുടി വളരുമെന്ന എണ്ണകളുടെയും പരസ്യത്തില്‍ താന്‍ അഭിനയിക്കില്ലെന്നാണ് നടിയുടെ നിലപാട്. ഇത്തരത്തില്‍ കഴിഞ്ഞദിവസം തന്നെ സമീപിച്ചവരെ മടക്കിയയച്ചിരുന്നുവെന്നും നടി പറയുന്നു. ഇനി വരാനിരിക്കുന്നവര്‍ക്ക് മുന്നില്‍ തന്റെ നിലപാട് പ്രഖ്യാപിക്കുക കൂടിയാണ് രജിഷ. തനിക്കൊപ്പം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് വ്യക്തിത്വം വേണ്ടുവോളമുണ്ടെന്നും രജിഷ വ്യക്തമാക്കുന്നു. കൊച്ചി കോര്‍പറേഷന്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയിലായിരുന്നു രജിഷയുടെ നിലപാട് പ്രഖ്യാപനം.
കേരളത്തിലെ ചലച്ചിത്ര അവാര്‍ഡ് നേടുക, ദേശീയ അവാര്‍ഡ് നേടുന്നതിലും ബുദ്ധിമുട്ടാണെന്ന് നടന്‍ വിനായകന്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ അവാര്‍ഡ് നിര്‍ണയത്തിന്റെ മാനദണ്ഡങ്ങള്‍ നാട് തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി. മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ മണികണ്ഠന് വേണ്ടി സഹോദരന്‍ ഗണേശും, സംവിധായകന്‍ രാജീവ് രവിക്ക് വേണ്ടി പൂര്‍ണിമാ നാരായണനും ഉപഹാരം ഏറ്റുവാങ്ങി.
തൊലിപ്പുറമേയുള്ള നിറത്തിനും വര്‍ണത്തിനുമായി ലോകമാകെയുള്ള മനുഷ്യര്‍ ആയിരക്കണക്കിന് കോടി രൂപയാണ് പ്രതിവര്‍ഷം ചെലവാക്കുന്നത്. ഇന്ത്യയിലും കേരളത്തിലും ഇത്തരം വര്‍ണത്തിലുള്ള പൊതുബോധം ഇന്നുമുണ്ട്. പുരോദമന കാഴ്ചപ്പാടുകളുണ്ടെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തില്‍ പോലുമുള്ള ഈ ചിന്തയെ ചെറുത്തുതോല്‍പ്പിക്കാന്‍ മുന്നേറ്റങ്ങളാവശ്യപ്പെട്ട് നിരവധി പരസ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഈ ആവശ്യവുമായി മലാളത്തിന്റെ പുതിയ സൂപ്പര്‍താരം തന്നെ രംഗത്തെത്തിയത്, ഒരു മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.