അജ്മീർ: കണ്ണൂർ സ്വദേശിയായ യുവാവ് രാജസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം. കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ നിർണായകമായപ്പോഴാണ് രാജസ്ഥാൻ മരുഭൂമിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. മൂന്ന് വർഷം മുമ്പാണ് രാജസ്ഥാനിലെ ജയ്‌സാൽമേറിൽ ബൈക് റേസറായ കണ്ണൂർ സ്വദേശി അസ്ബാഖ് മോൻ (34) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ദുബൈയിലെ ബാങ്ക് ഉദ്യോഗം വിട്ടാണ് ബൈക് റൈസിംഗിൽ കമ്പം കയറി അസ്ബാഖ് ബെംഗ്ളൂറിലെത്തുന്നത്. അതിനിടെ പഠാനിയായ സുമേര പർവേസിനെ അസ്ബാഖ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ദമ്പതികൾക്ക് ഒരു കുട്ടിയുമുണ്ട്.
ആർടി നഗറിൽ താമസിച്ചിരുന്ന അസ്ബാഖ് 2018 ഓഗസ്റ്റിലാണ് ജയ്സാൽമേറിലെത്തിയത്. അസ്ബാഖിന്റെ ഭാര്യ, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിക്, സന്തോഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് 15 ന് സംഘം ട്രാക് പരിശോധിക്കാൻ ഷഗദ് ബൽജിലെ റൈഡിംഗ് ട്രാകിലേക്ക് പോയി. അടുത്ത ദിവസം മുതൽ അവിടെ പരിശീലനത്തിന് പോകാനാണ് ടീം തീരുമാനിച്ചത്. എന്നാൽ ഓഗസ്റ്റ് 16 ന് അസ്ബാക് ഒഴികെ എല്ലാവരും പരിശീലന ക്യാമ്പിലേക്ക് മടങ്ങി. മരുഭൂമിയിൽ വഴിതെറ്റിയ അസ്ബാകിനെ കാണാതായതായി സംഘം പറഞ്ഞു.
ഓഗസ്റ്റ് 18 ന് വിജനമായ സ്ഥലത്ത് അസ്ബാഖിന്റെ മൃതദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ ബൈക് പോറൽ പോലും ഏൽക്കാതെ സമീപത്തുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മൊബൈൽ ഫോണിന് റേഞ്ച് പോലും ഇല്ലായിരുന്നു. വഴിതെറ്റിയ അസ്ബാഖ്, കുടിക്കാൻ വെള്ളം പോലും കിട്ടാതെ മരിച്ചെന്നാണ് പൊലീസ് പറഞ്ഞത്. വഴിതെറ്റിയെന്നും നിർജലീകരണം മൂലമാണ് മരിച്ചതെന്നുമാണ് ഭാര്യയും പറഞ്ഞത്.
എന്നാൽ പോസ്റ്റ് മോർടെം റിപോർടിൽ അസ്ബാഖിന്റെ പുറത്ത് ചതവുള്ളതായി കണ്ടെത്തി. യുവാവിന്റെ മരണത്തിൽ ഭാര്യക്ക് സംശയമില്ലായിരുന്നു. സുമേരയും ജയ്‌സാൽമേറിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും മരണത്തിൽ ദുരൂഹതയൊന്നും ഉന്നയിക്കാത്തതിനാൽ പൊലീസ് ആദ്യം ഇത് കണക്കിലെടുത്തില്ല.
വലിയ പ്രബല ശക്തികൾ എതിർഭാഗത്ത് ഉള്ളതിനാലും മറ്റും കേസ് തേഞ്ഞുമാഞ്ഞു പോകുമോയെന്ന് കരുതിയ ഘട്ടത്തിലാണ് അസ്ബാഖിന്റെ സഹോദരനും മാതാവും കെ സി വേണുഗോപാൽ എംപിയെ കാണാൻ പോയത്. അമ്മയുടെ നിര്യാണത്തെ തുടർന്ന് വേണുഗോപാൽ മാതമംഗലത്തെ വീട്ടിലുണ്ടായിരുന്നു. അമ്മ മരിച്ച സമയമായിട്ടു പോലും കെ സി ഇവരുടെ പരാതികൾ ശ്രദ്ധാപൂർവം കേട്ടു. ഉടൻ തന്നെ അദ്ദേഹം രാജസ്ഥാൻ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും മലയാളിയുമായ ബിജു ജോർജ് ജോസഫിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീട് ജയ്സാൽമേറിലെത്തി അസ്ബാഖിന്റെ സഹോദരൻ ബിജുവിനെ നേരിട്ടു കണ്ടു. അദ്ദേഹം ജയ്സാൽമേർ എസ്പി ആയ അജയ് സിങ്ങിനെ വിളിച്ചതോടെയാണു കേസ് അന്വേഷണം ഊർജിതമായത്.
തുടർന്ന് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം നടന്നു. ഒടുവിൽ പൊലീസ് സംഭവത്തിന്റെ ചുരുളഴിയിച്ചു. ഭാര്യയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കൊലപാതകമാണെന്ന് ഇതെന്ന് പൊലീസ് പറയുന്നു. കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും നിരവധി വിഷയങ്ങളിൽ അസ്ബാഖും ഭാര്യയും തർക്കങ്ങൾ ഉണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും എസ്പി അജയ് സിംഗ് വ്യക്തമാക്കുന്നു.
അതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തി ജയ്‌സാൽമേർ പൊലീസ് സെപ്റ്റംബർ 22 ന് അസ്ബാഖിന്റെ സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ ബെംഗ്ളൂറിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അസ്ബാഖിന്റെ ഭാര്യ സുമേരയും സുഹൃത്തുക്കളായ നീരജ്, സാബിക്, സന്തോഷ് എന്നിവരും ഉൾപെട്ടിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഒളിവിലുള്ള ഇവർക്ക് വേണ്ടി അന്വേഷണത്തിലാണ് പൊലീസ്. കെ സി വേണുഗോപാലിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നില്ലെങ്കിൽ എങ്ങുമെത്താതെ ഈ കേസ് അവസാനിക്കുമായിരുന്നു.