ജയ്പൂര്‍: രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട. നാര്‍കോട്ടിക് വകുപ്പ്, ബി.എസ്.എഫ്, റവന്യു ഇന്റലിജന്‍സ് ഡയക്ടറേറ്റ് എന്നിവര്‍ ചേര്‍ന്ന് 25 ടണ്‍ അനധികൃത മന്ദ്രാക്സ് പിടിച്ചെടുത്തു. 5000 കോടി രൂപ വിലമതിക്കുന്ന മരുന്നു ഉദയ്പൂരിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ നിന്നും ഉദയ്പൂരിലും രാജ്സമണ്ഡിലുമുള്ള രണ്ടു ഗോഡൗണുകളില്‍ നിന്നുമാണ് കണ്ടെത്തിയത്. കഴിഞ്ഞാഴ്ച്ചയാണ് ഫാക്ടറിയും ഗോഡൗണുകളും പിടിച്ചെടുത്തത്.
രവി ദുബാനിയെന്ന ആളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫാക്ടറി.
ദുബായില്‍ പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുകാരന്‍ സുബാഷ് ദുബാനിയുടെ അന്തരവനാണിയാള്‍. വന്‍ ശൃംഖയിലൂടെയാണ് മയക്കുമരുന്ന് വിതരണം നടത്തുന്നത്. ഫാക്ടറി ഉടമ രവി ദുദ്വാനിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാനമായും മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവയുടെ അന്താരാഷ്ട്ര വിപണിയെന്ന് എക്സൈസ് സെന്‍ട്രല്‍ ബോര്‍ഡ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞത് 5,000 കോടി രൂപയുടെ മൂല്യമുള്ളതാണ് പിടിച്ചെടുത്ത മരുന്നുകള്‍. ഒരു കിലോഗ്രാം മന്ദ്രാക്സിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 20 ലക്ഷം വിലവരും.
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടാബ്ലെറ്റ് നിര്‍മ്മിക്കുന്ന അനധികൃത ഫാര്‍മ കമ്പനികള്‍ ഉണ്ട്. യുഎസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയക്കുക. ഈ ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ചില്ലറ തുകയേ ചെലവാകൂ. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇവ വലിയ വിലക്കാണ് ലഭ്യമാകുക.