ന്യൂഡല്‍ഹി: കത്വ സംഭവം രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നാണക്കേട്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി പറഞ്ഞു. ജനുവരി 10 നാണ് കത്വയിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.
കത്വ സംഭവം രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി; കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വം
Tags: ram nath kovind