രാമനവമി ആഘോഷങ്ങളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മകന്റെ മരണാനന്തര ചടങ്ങില്‍ അച്ഛനായ പള്ളി ഇമാം പറഞ്ഞ വാക്കുകള്‍ ഒരു നാടിന് രക്ഷയാകുന്നു. പ്ചിമ ബംഗാളിലാണ് രാമനവമി ആഘോഷങ്ങളെത്തുടര്‍ന്ന് കലാപം ഉണ്ടാക്കാന്‍ ശ്രമം നടന്നത്. ഇത്തരത്തില്‍ ഹിന്ദുത്വ വാദികള്‍ നടത്തിയ അക്രമത്തിലാണ് അസന്‍സോള്‍ പള്ളിയിലെ ഇമാമായ മൌലാന ഇംദാദുല്‍ റാഷിദിയുടെ മകന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കലാപത്തിന് കോപ്പ് കൂട്ടിയവരെ നിരാശരാക്കിക്കൊണ്ടാണ് പള്ളി ഇമാം കൂടിയായ ഇംദാദുല്‍ റാഷിദി നിലപാടെടുത്തത്.
രാമനവമി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ഇംദാദുല്‍ റാഷിദിയുടെ മകന്‍. തന്റെ മകന്റെ കൊലപാതകത്തിന്റെ പേരില്‍ നാട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് താന്‍ പോകുമെന്നായിരുന്നു ഇമാം പറഞ്ഞത്.
ഈ വര്‍ഷം പത്താംക്ലാസ് പരീക്ഷ എഴുതിയ സിബ്തുള്ള റാശിദിയെന്ന പതിനാറുകാരനാണ് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സിബ്തുള്ളയെ കാണാതായിരുന്നു. അസന്‍സോളിലെ രാലി പാര്‍ പ്രദേശത്തെ സംഘര്‍ഷത്തിനിടെയാണ് അവനെ കാണാതാകുന്നത്. കലാപകാരികളുടെ കൈകളില്‍ അകപ്പെട്ടതാകാം എന്ന സംശയം അപ്പോഴെ ബലപ്പെട്ടിരുന്നു. ബുധനാഴ്ച വൈകീട്ടാണ് സിബ്തുള്ളയുടെ മൃതശരീരം കണ്ടെത്തുന്നത് എങ്കിലും തിരിച്ചറിയുന്നത് അടുത്തദിവസമാണ്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കൊലപാതകം സംഭവിച്ചിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍തന്നെ വ്യക്തം.
”അവന്‍ വീടിന് പുറത്തേക്ക് പോകുമ്പോള്‍ തന്നെ ചുറ്റുപാടുകള്‍ അശാന്തമായി തുടങ്ങിയിരുന്നു. വീടിന് പുറത്ത് ഇറങ്ങിയ ഉടനെ തന്നെ അവന്‍ കലാപകാരികളുടെ കയ്യില്‍പ്പെട്ടു. അതുകണ്ട എന്റെ മൂത്ത മകന്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കാനായി ഓടി. പക്ഷേ, അവനെ സ്റ്റേഷനില്‍ പിടിച്ചുവെക്കുകയാണ് അവര്‍ ചെയ്തത്. പിന്നെ ഒരു മൃതശരീരം കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. രാവിലെ അത് അവനാണെന്ന് തിരിച്ചറിയുകയായിരുന്നു- എന്ന് പറയുന്നു 48കാരനായ റാഷിദി.
വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ മകന്‍ കലാപകാരികളുടെ കയ്യിലകപ്പെട്ടു. ഇതുകണ്ട മൂത്ത മകന്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കാനായി പോയി. എന്നാല്‍, അവനെ സ്റ്റേഷനില്‍ പിടിച്ചുവെക്കുകയാണ് ഉണ്ടായതെന്നും റാഷിദി പറഞ്ഞു
സിബ്തുള്ളയുടെ മരണാനന്തരചടങ്ങുകള്‍ക്കായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ഇമാം അപേക്ഷിച്ചത്.
”എനിക്ക് സമാധാനമാണ് വേണ്ടത്. എന്റെ മകനെ എനിക്ക് നഷ്ടമായി. ഇനി ഒരു കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ പാടില്ല. ഒരു വീടുകളും കത്തിയെരിയാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലും ഇനി സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഈ പള്ളിയും നാടും ഉപേക്ഷിച്ച് പോകും. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍, ഇവിടെ നിങ്ങള്‍ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ പാടില്ല…” നൂരാനി പള്ളിയിലെ ഇമാമായ റാഷിദിക്ക് ജനക്കൂട്ടത്തോടുള്ള അഭ്യര്‍ത്ഥന അതൊന്ന് മാത്രമായിരുന്നു.
”ഞാന്‍ ഇവിടെ ഇമാമായിട്ട് 30 വര്‍ഷത്തിലധികമായി. ജനങ്ങള്‍ക്ക് ഞാന്‍ നല്‍കേണ്ടത് നല്ല സന്ദേശമായിരിക്കണം- അത് സമാധാനത്തിന്റേതായിരിക്കും. എനിക്കുണ്ടായ വ്യക്തിപരമായ നഷ്ടം, അത് ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ അസന്‍സോളിലെ ജനങ്ങള്‍ അങ്ങനെയല്ല. ഇത് ഒരു ഗൂഢാലോചനയാണ്.. അത് തിരിച്ചറിയണം-” അദ്ദേഹം പറയുന്നു.
”മകനെ നഷ്ടപ്പെട്ട ഒരച്ഛന്‍ ഇങ്ങനെ പെരുമാറുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇത് ബംഗാളിന് മാത്രമല്ല, രാജ്യത്തിന് ആകമാനം ഒരുദാഹരണമാണ്. അദ്ദേഹം സംസാരിച്ചു കഴിഞ്ഞപ്പോള്‍ ജനങ്ങളെല്ലാം കരയുകയായിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു. ഞാനും ഞെട്ടിത്തരിച്ചുനിന്നുപോയി. കാരണം, സിബ്തുള്ളയുടെ മൃതശരീരം കണ്ടെത്തിയതോടെ തന്നെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ പ്രവചനാതീതമായി മാറിക്കഴിഞ്ഞിരുന്നു. ജനങ്ങളാകെ ഇളകിയിരുന്നു. പക്ഷേ, സമാധാനത്തിനുള്ള അദ്ദേഹത്തിന്റെ അപേക്ഷ, ജനങ്ങളെ ആകെ തണുപ്പിച്ചു. അദ്ദേഹത്തിന് ജനങ്ങളുടെ ഇടയില്‍ അത്രയും സ്വാധീനമുണ്ട്. ഒരുപക്ഷേ, അദ്ദേഹം ജനങ്ങളോട് ശാന്തരാകാന്‍ പറഞ്ഞില്ലായിരുന്നുവെങ്കില്‍, ഉറപ്പാണ് അസന്‍സോള്‍ മുഴുവനായും കത്തിത്തീര്‍ന്നേനെ. അസന്‍സോളിലെ കൌണ്‍സിലറായ നാസിം അന്‍സാരി പറയുന്നു. ഇമാമിന്റെ പ്രസ്താവനയെ അഭിനന്ദിച്ചുകൊണ്ട് അസന്‍സോളിന്റെ മേയര്‍ ജിതേന്ദ്രതിവാരിയും രംഗത്തെത്തി.