റാം റഹീമിന്‍റെ ചിത്രങ്ങള്‍ അഴുക്കുചാലില്‍ തള്ളി; ആള്‍ദൈവത്തെ കൈവിടുന്നു

ദേരാ സച്ചാ സൗദാ മേധാവിയും ബലാത്സംഗക്കേസില്‍ കുറ്റക്കാരനുമായ ഗുര്‍മീത് റാം റഹീമിനെതിരെ അനുയായികളും തിരിയുന്നതായി റിപ്പോര്‍ട്ട്. ആള്‍ദൈവത്തിനുവേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങി കലാപമുണ്ടാക്കുമ്പോള്‍ സ്വന്തം ദേശത്തെ അനുയായികളാണ് റാം റഹീമിനെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ സ്വദേശിയാണ് ഹരിയാണയില്‍ ആശ്രമം സ്ഥാപിച്ച റാം റഹീം. ഗംഗാനഗറിലെ ഒരു അഴുക്കുചാലില്‍ കഴിഞ്ഞദിവസംകണ്ട കാഴ്ച ഞെട്ടിക്കുന്നതാണെന്ന് ചീഫ് സാനിറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. റാം റഹീമിന്റെ നൂറുകണക്കിന് ഫോട്ടോകളും പോസ്റ്ററുകളുമാണ് അഴുക്കുചാലില്‍നിന്നും കണ്ടെത്തിയത്. ഓടയില്‍നിന്നും വെള്ളം പോകാത്തതിനെ തുടര്‍ന്ന് വൃത്തിയാക്കുമ്പോഴാണ് ചിത്രങ്ങള്‍ കണ്ടെടുത്തത്. ഈ ചിത്രങ്ങള്‍ ഓടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് വെള്ളം തടസ്സപ്പെട്ടതെന്ന് ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര റാത്തോഡ് പറഞ്ഞു. ആള്‍ദൈവം ജയിലിലായതും കലാപമുണ്ടാക്കിയതുമൊക്കെ ആരാധകരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആള്‍ദൈവത്തിനുവേണ്ടി കൊല്ലാന്‍പോലും മടിക്കാതെ ഒരുസംഘം തെരുവിലിറങ്ങുമ്പോഴാണ് ആള്‍ദൈവത്തിനെ സ്വന്തം ദേശത്തുനിന്നുതന്നെ പ്രതിഷേധം ഉയരുന്നത്.

Top