തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എടിഎം തട്ടിപ്പിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായിയുടെ ഭരണത്തില്‍ വിദേശികള്‍ പോലും സംസ്ഥാനത്ത് കൊള്ള നടത്തുന്നുവെന്ന് ചെന്നിത്തല പറയുന്നു.
വിദേശികള്‍ക്ക് പോലും മോഷണം നടത്താന്‍ കഴിയുന്ന നാടായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ മാറ്റി. യുഡിഎഫ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
റൊമാനിയക്കാര്‍ പോലും കേരളത്തിലെത്തി കക്കാന്‍ തുടങ്ങിയെന്നും മുഖ്യമന്ത്രിക്ക് പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സിപിഐഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി സംസ്ഥാന പൊലീസ് മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പൊലീസ് നയം പാളിയെന്നും അധിക നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന് വര്‍ധിപ്പിച്ച രജിസ്ട്രേഷന്‍ ഫീസ് പിന്‍വലിക്കുക, ചരക്ക് നികുതി വര്‍ധന ഒഴിവാക്കുക, ഗോതമ്പ് ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വര്‍ധിപ്പിച്ച നികുതി എടുത്ത് കളയുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കെഎം മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും സൗകര്യാര്‍ത്ഥമാണ് ഈ മാസം നാലിന് നിശ്ചയിച്ചിരുന്ന പ്രതിഷേധ ധര്‍ണ ഇന്നത്തേക്ക് മാറ്റിയത്.