രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്; കെസി ജോസഫ് ഉപ നേതാവാക്കാനും ധാരണ; ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും

തിരുവനന്തപുരം: രമേശ് ചെന്നിത്തല കേരളത്തിലെ പുതിയ പ്രതിപക്ഷനേതാവാകുമെന്ന കാര്യത്തില്‍ തീരുമാനമായി. യു ഡി എഫ് ചെയര്‍മാനായി ഉമ്മന്‍ചാണ്ടി തുടരും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെ പി സി സി ആസ്ഥാനത്ത് നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് ഇക്കാര്യത്തില്‍ ധാരണയായിരിക്കുന്നത്.

കെ സി ജോസഫിനെ പ്രതിപക്ഷ ഉപനേതാവാക്കാണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാര്യം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ പ്രതിപക്ഷനേതാവാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി വ്യക്തമാക്കിയിരുന്നു. എംഎല്‍എമാരില്‍ ഐ ഗ്രൂപ്പിനുള്ള മുന്‍തൂക്കവും രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഏറെ നിര്‍ണായകമായി.

നിലവില്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളായ 22 പേരില്‍ ഭൂരിഭാഗവും ഐ ഗ്രൂപ്പ് എം എല്‍ എമാരാണ്. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന പരസ്യനിലപാട് തുടക്കത്തിലേ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്.

ഞായറാഴ്ചയ്ക്കുള്ളില്‍ പ്രതിപക്ഷനേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഹരിപ്പാട് നിന്നാണ് രമേശ് ചെന്നിത്തല നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഐ ഗ്രൂപ്പില്‍ പിളര്‍പ്പുണ്ടാക്കി കെ മുരളീധരനെ പ്രതിപക്ഷനേതാവാക്കാന്‍ നീക്കങ്ങല്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ചെന്നിത്തലയ്ക്കുവേണ്ടി ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി ആവശ്യമുന്നയിക്കുകയായിരുന്നുവെന്നാണ് സൂചന.

Top