കോഴിക്കോട്: കോഴിക്കേട് ഡിസിസി ജനറല്‍ സെക്രട്ടറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വീട്ടമ്മയുടെ പരാതി. ഇതു സംബന്ധിച്ച് ഫറോക്ക് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രമേശ് നമ്പിയത്തിനെതിരെ വീട്ടമ്മ കസബ പൊലീസില്‍ പരാതി നല്‍കി.
ഇന്നലെ രാവിലെ 8.30ന് നമ്പിയത്തിന്റെ ചാലപ്പുറത്തുള്ള ഓഫീസിലാണ് സംഭവം. ഒരു സഹായം തേടിയെത്തിയപ്പോള്‍ ഭര്‍ത്താവിനെ പുറത്തേയ്ക്ക് പറഞ്ഞയച്ച് തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് 40കാരിയുടെ പരാതി. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഒരു വര്‍ഷം മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഭര്‍ത്താവിന് ധനസഹായം വാങ്ങിക്കൊടുക്കാമെന്ന വാഗ്ദാനം നല്‍കിയാണത്രെ ഇരുവരേയും ഓഫീസിലേക്ക് വിളിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു പീഡന ശ്രമമെന്നാണ് ആരോപണം.
ആശുപത്രിയില്‍ നിന്നു നല്‍കിയ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനാണ് ഭര്‍ത്താവിനെ പുറത്തേക്കയച്ചത് . ചില രേഖകള്‍ കൂടി എടുക്കാന്‍ ഓഫീസില്‍ തിരിച്ചെത്തിയ താന്‍ കാണുന്നത് ഭാര്യയെ നമ്പിയത്ത് ഉപദ്രവിക്കുന്നതാണെന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പറഞ്ഞു. ബലപ്രയോഗത്തിനിടെ അബോധാവസ്ഥയിലായ വീട്ടമ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കൈയ്ക്കും കണ്ണിനും തലയ്ക്കും പരിക്കുണ്ട്.
പരാതിക്കാരിയുടെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് രമേശ് നമ്പിയത്തും പൊലീസില്‍ പരാതി നല്‍കി. അതേ സമയം, തനിക്കെതിരായ പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് രമേശ് നമ്പിയത്ത് പറഞ്ഞു.
മുമ്പ് നടുവട്ടത്ത് സി.പി.എം അനുഭാവി നടത്തുന്ന ചെരുപ്പ് കമ്പനിക്കെതിരെ തന്റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. ഇതിലുള്ള പക പോക്കലാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവും പറയുന്നു.