എംടിയുടെ ചിത്രമായ രണ്ടാമൂഴം തിരശ്ശീലയില്‍ എത്തുമെന്ന് ഉറപ്പിച്ച് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി 2020ല്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തും. ചിത്രത്തിന്റെ പേരിന് മാറ്റമുണ്ടാകുമെന്നും തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാല്‍ പറയുന്നു. രണ്ടാമൂഴത്തിന് പകരം മഹാഭാരതം എന്നാണ് പുതിയ പേര്. ചിത്രത്തില്‍ പ്രധാനകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എംടിയുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായി പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനകം അടുത്ത ഭാഗവും റീലീസ് ചെയ്യും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ചിത്രം മൊഴിമാറ്റാനും പദ്ധതിയുണ്ട്.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രമുഖ അഭിനേതാക്കളെ കൂടാതെ ഹോളിവുഡ് നടന്‍മാരും ചിത്രത്തിന്റെ ഭാഗമാകും. താരനിര്‍ണയം പുരോഗമിക്കുകയാണ്. സാങ്കേതികരംഗത്തും ലോകപ്രശസ്തരുടെ സാന്നിധ്യം വിളിച്ചോതുന്നതാവും മഹാഭാരതം. ആദ്യമായാണ് ഇത്രയും വലിയ ക്യാന്‍വാസില്‍ മഹാഭാരതം ചലചിത്രമാകുന്നത്. 2018ല്‍ സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ഓരേരുത്തരെയും പോലെ മഹാഭാരതകഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് എന്റെതും. ഓരോരുത്തരുടെയും ചിന്തയില്‍ ഗാഡമായി ഉറച്ചുപോയ ഇതിഹാസങ്ങളുടെ ഇതിഹാസം. മഹാഭാരതം പോലെ എന്നെ ആഴത്തില്‍ സ്വാധിനിച്ച കൃതിയാണ് രണ്ടാമൂഴം. എത്രവട്ടം വായിച്ചെന്നു പോലും ഓര്‍മയില്ല. ഇതിനിടയില്‍ ഇതിന് ഒരു ദൃശ്യാവിഷ്‌കാരം വന്നിരുന്നെങ്കില്‍ എന്നു മോഹിച്ചിരുന്നു. ഭീമനായി എന്റെ പേര് കേട്ടത് മഹാഭാഗ്യവും പുണ്യവുമാണ്. എന്നില്‍ അര്‍പ്പിച്ച വിശ്വസത്തിന് എംടി സാറിന് നന്ദി. ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടിക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. ചിത്രം സംവിധാനം ചെയ്യുന്ന ശ്രീകുമാറിന് ഈ സിനിമയെ സെല്ലുലോഡില്‍ ഇതിഹാസമാക്കാനാകുമെന്നും ലാല്‍ വ്യക്തമാക്കി.
ചിത്രം മഹാഭാരതത്തിന്റെ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാവുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി പറഞ്ഞു. നമ്മുടെ പാരമ്പര്യം ലോകത്തിന് മുമ്പില്‍ ചലചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും എംടിയുടെ അക്ഷരങ്ങള്‍ ഈ ചിത്രത്തിലൂടെ ലോകസിനിമയുടെ ഔന്നിത്യത്തിലെത്തുമെന്നും ഷെട്ടി പറഞ്ഞു. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പ്രമുഖവേഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതായി ബച്ചന്‍ അറിയിച്ചിരുന്നു.