ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം വിശുദ്ധപദവിയിലേക്ക് …സിസ്റ്റര്‍ റാണി മരിയ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കൊച്ചി: സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്‍റെ ഇതുസംബന്ധിച്ച നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച് ഒപ്പുവച്ചു.

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള തീയതി പിന്നീട് അറിയിക്കും. അതുവരെ ധന്യയായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ എന്ന പേരിലാകും അറിയപ്പെടുക. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുന്പാവൂര്‍ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റര്‍ റാണി മരിയ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയിലെ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണു സിസ്റ്റര്‍ ശുശ്രൂഷ നടത്തിവന്നത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്‍റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെയാണു രക്തസാക്ഷിത്വം.
പ്രദേശത്ത് സാമൂഹ്യ ഇടപെടലുകള്‍ക്കും സിസ്റ്റര്‍ നേതൃത്വം നല്‍കി. ഇതില്‍ രോഷാകുലരായ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്ററിന്‍റെ പുല്ലുവഴിയിലെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തുന്നതിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം ഭാരതസഭയ്ക്കാകെ സന്തോഷത്തിന്‍റെ അവസരമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്സിസി) സമര്‍പ്പിതസമൂഹത്തിന് അനുഗ്രഹത്തിന്‍റെ സുവാര്‍ത്തയാണ് സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തുന്നതെന്ന് മദര്‍ ജനറല്‍ ആന്‍ ജോസഫ് പറഞ്ഞു.

Top