പാവങ്ങളും പണക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാന്‍ ജാര്‍ഖണ്ഡിലെ ഒരു കോളേജില്‍ ജീന്‍സും മൊബൈല്‍ ഫോണും നിരോധിച്ചു. ദല്‍തോന്‍ഗഞ്ചിലെ യോധാ സിങ് നാംധാരി വിമന്‍സ് കോളേജ് ആണ് പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയത്.
നിലാംബര്‍ പിതാംബര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് ആണിത്. ഈ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡ്രസ് കോഡ് നടപ്പാക്കിയ ആദ്യ കോളേജ് തങ്ങളുടേതാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. മോഹിനി ഗുപ്ത പറഞ്ഞു.
റാഞ്ചി യൂണിവേളഴ്‌സിറ്റിയില്‍ നേരത്തെതന്നെ ഡ്രസ് കോഡ് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ഒഴിവാക്കാനായി ജീന്‍സും മൊബൈല്‍ ഫോണും കോളേജില്‍ നിരോധിച്ചിരിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
വിദ്യാര്‍ഥിനികള്‍ ചുരിദാര്‍ അണിയണമെന്നതാണ് പുതിയ ഡ്രസ് കോഡ്. അതേസമയം, മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് തടസമില്ല. ബന്ധുക്കളുമായി അത്യാവശ്യ ഘട്ടത്തില്‍ ബന്ധപ്പെടാന്‍ ഫോണ്‍ കൊണ്ടുവരാം.
എന്നാല്‍, അവ കാമ്പസിനുള്ളില്‍ ഉപയോഗിക്കരുത്. കോളേജിലെ വൈഫൈ ചില വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുകൂടിയാണ് ഇത്തരമൊരു നീക്കം.
ഡ്രസ് കോഡ് തെറ്റിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി തീരുമാനിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കളെ കോളേജിലേക്ക് വിളിപ്പിക്കും.
കോളേജിലെ പുതിയ നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ഇതിനെതിരെ ചില വിദ്യാര്‍ഥി സംഘടനകള്‍ സമരം നടത്താന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.