ന്യൂഡല്‍ഹി: ലോകത്തെ ആശങ്കയിലാക്കിയ സൈബര്‍ ആക്രമണം താല്‍ക്കാലികമായി അവസാനിച്ചതായി സൈബര്‍ സുരക്ഷാ വിഭാഗം അറിയിച്ചെങ്കിലും ഇപ്പോഴും പല കമ്പനികളും ആശങ്കയിലാണ്.
ലോകത്തെ നടുക്കിയ റാന്‍സംവേര്‍ ആക്രമണത്തിന് താല്‍ക്കാലിക വിരാമം.150 രാജ്യങ്ങളിലെ രണ്ടേകാല്‍ലക്ഷത്തോളം കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന്റെ വ്യാപനം ഏറെക്കുറെ അവസാനിച്ചു. വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തില്‍നിന്ന് മുക്തരായി ലോകം സാധാരണ ജീവിതത്തിലേക്ക് കടന്നു. എന്നാല്‍, ഭീഷണി അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ അപ്രതിരോധ്യമായ റാന്‍സംവേറുകള്‍ വരാനിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പാണ് സൈബര്‍ രംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്നത്. അതേസമയം, സൈബര്‍ ആക്രമണം ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഹാക്കര്‍മാര്‍ രംഗത്തിറക്കിയ വാനാക്രൈ റാന്‍സംവേറിനെ നശിപ്പിക്കാന്‍പോന്ന ‘കില്‍ സ്വിച്ച്’ അതില്‍ത്തന്നെയുണ്ടെന്ന് കണ്ടെത്തിയ ബ്രിട്ടീഷുകാരനായ 22-കാരന്‍ മാര്‍ക്കസ് ഹച്ചിന്‍സാണ് ലോകത്തെ വലിയൊരു വിപത്തില്‍നിന്ന് രക്ഷിച്ചത്. ഹച്ചിന്‍സ് ലോകത്തിന്റെ മു്ന്നില്‍ ഹീറോയായപ്പോള്‍, കില്‍ സ്വിച്ചില്ലാത്ത പുതിയ തരം റാന്‍സംവേറുകള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പ് വിദഗ്ദ്ധര്‍ നല്‍കുന്നു. മറ്റൊരു വലിയ ആക്രമണം നേരിടാന്‍ സജ്ജരായിരിക്കണമെന്ന് ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി ആവശ്യപ്പെട്ടു.
കില്‍ സ്വിച്ചില്ലാത്ത തരം റാന്‍സംവേറുകള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ്പോയന്റിലെ റോബ് ഹോംസ് പറഞ്ഞു. മോചനദ്രവ്യം കൊടുത്ത് കംപ്യൂട്ടറുകളിലെ ലോക്ക് ഒഴിവാക്കാനാണ് ഹാക്കര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മോചനദ്രവ്യം കൊടുത്താലും ഉപയോക്താവിന് ഫയലുകള്‍ തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും ഇതുവരെ 54,000 ഡോളറോളം ഹാക്കര്‍മാരുടെ അക്കൗണ്ടിലെത്തിയെന്നും സൂചനയുണ്ട്.
ഈ സൈബര്‍ ആക്രമണത്തിനിരയായി കേരളവും പകച്ചു പോയിരുന്നു. സംസ്ഥാനത്തെ ആറിടത്ത് വാനാക്രൈ കടന്നുകൂടിയതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ വാനാക്രൈ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ പഞ്ചായത്ത് ഓഫീസുകളാണ് സൈബര്‍ ആക്രമികള്‍ മുഖ്യമായും ലക്ഷ്യമിട്ടത്. കൊല്ലത്ത് തൃക്കോവില്‍വട്ടം പഞ്ചായത്ത്, തിരുവനന്തപുരത്ത് കരവാരം പഞ്ചായത്ത്, തൃശൂരില്‍ അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഒടുവില്‍ ക്രമക്കേട് കണ്ടെത്തിയത്. വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലുമാണ് ആദ്യം ആക്രമണമുണ്ടായത്.
വാനാക്രൈ ആക്രമണത്തിന്റെ തോത് കുറഞ്ഞെങ്കിലും, ഓഫീസുകള്‍ ഓരോന്നായി പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് കൂടുതല്‍ ആക്രമണം കണ്ടെത്തിയേക്കുമെന്ന സൂചനയുണ്ട്. രണ്ടാം വട്ട ആക്രമണത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് നാഷണല്‍ ക്രൈം ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ലിന്‍ ഓവന്‍സ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട ഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നതാണ് പ്രത്യേകത.
അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളാണേറെയും. ഉത്തരകൊറിയയിലെ ഹാക്കര്‍മാരാണ് ലോകത്തെ നടുക്കിയ വാനാക്രൈ ആക്രമണത്തിന് പിന്നിലെന്ന വാദവും ശക്തമാണ്. സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളായ സിമാന്‍ടെക്കും കാസ്പര്‍സ്‌കിയും അത്തരത്തിലൊരു സാധ്യത തള്ളിക്കളയുന്നില്ല.
ഉത്തരകൊറിയയുമായി ബന്ധമുള്ള ലസാറസ് എന്ന സംഘത്തിലേക്കാണ് ഇവര്‍ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത്. ഇതേ ഹാക്കര്‍മാര്‍ മുമ്പ് അവതരിപ്പിച്ച റാന്‍സംവേറുമായുള്ള സാദൃശ്യമാണ് ഉത്തരകൊറിയന്‍ സംഘമാണ് ഇതിന് പിന്നിലെന്ന് കരുതാനുള്ള കാരണം. 2014-ല്‍ സോണി പിക്ചേഴ്സ് എന്റര്‍ടൈന്മെന്റിന്റെ കംപ്യൂട്ടറുകള്‍ ആഴ്ചകളോളം ഹാക്ക് ചെയ്തത് ലസാറസാണ്. 2009-ല്‍ ബംഗ്ലാദേശിന്റെ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് 81 ദശലക്ഷം ഡോളര്‍ തട്ടിയെടുത്തതും ഇതേ ഹാക്കര്‍മാരാണ്.
ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെങ്കില്‍ അത് അമേരിക്കയ്ക്കുള്ള ശക്തമായ താക്കീതാണ്. ഉത്തരകൊറിയക്കെതിരെ യുദ്ധം നടത്താനൊരുങ്ങുന്ന അമേരിക്കയ്ക്ക് എതിരാളികളെ വിലകുറച്ചുകാണരുതെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ ഏത് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്ന് ഉറപ്പിക്കാനാവില്ലെന്ന് കാസ്പര്‍സ്‌കി വ്യക്തമാക്കി.