ക്രൈം ഡെസ്‌ക്
സത്താറ: നാലുമാസക്കാലം നിരന്തരം പിതാവിന്റെ ബലാത്സംഗത്തിനിരയായി ഗർഭിണിയായ പതിനാലുകാരിക്ക് നാട്ടുകൂട്ടം വിധിച്ചത് പ്രാകൃത ശിക്ഷ. മഹാരാഷ്ട്രയിലെ സത്താറയിലാണ് പിതാവ് ബലാത്സംഗത്തിന് ശ്രമിച്ചപ്പോൾ ചെറുക്കാതിരുന്നത് കുറ്റമാണെന്നു വിധിയെഴുതി നാട്ടുകൂട്ടം പൊതുജനമധ്യത്തിൽ പെൺകുട്ടിയെ പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്. പിതാവിനൊപ്പം പെൺകുട്ടിയെയും പത്തുതവണ ചാട്ടവാറിന് അടിച്ചാണ് ശിക്ഷ നടപ്പാക്കിയത്.
ഗോപാൽ പഞ്ചായത്തിലാണ് സംഭവം. വിവാഹിതയല്ലാത്ത പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബലാത്സംഗത്തിന് നിരന്തരം ഇരയാകുന്ന വിവരം പുറത്തായത്. തുടർന്നു നാട്ടുകൂട്ടം വിളിച്ചുചേർത്തു മകളെ ബലാത്സംഗം ചെയ്തതിന് പിതാവിനെയും ചെറുക്കാതിരുന്നതിന് പെൺകുട്ടിയെയും ശിക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഭവം ചിത്രമെടുത്തു പൊലിസിനെ അറിയിച്ചതിനെത്തുടർന്ന് ഇന്നു രാവിലെ ഗ്രാമം പൊലീസ് റെയ്ഡ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പിതാവിനെതിരേയും പെൺകുട്ടിയെ പ്രാകൃത ശിക്ഷയ്ക്കു വിധേയമാക്കിയ നാട്ടുകൂട്ടം നേതൃത്വത്തിനെതിരെയും കണ്ടുനിന്നവർക്കെതിരേയെും കേസെടുക്കണമെന്ന് ആർടിഐ ആക്ടിവിസ്റ്റ് സച്ചിൻ ബിഷേ ആവശ്യപ്പെട്ടു.