കൊച്ചി: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുൻ എസ്‍പി സുജിത് ദാസ്. വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനെതിരെ കേസ് നല്‍കും. പിന്നിൽ വലിയ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. 2022ൽ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്.അവർ വന്നുപോയതിന്റെ വിശദാംശങ്ങൾ റിസപ്ഷൻ രജിസ്റ്ററിൽ ഉണ്ട്. നിരന്തരമായി പോലീസിനെതിരേ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ തനിക്കെതിരെയും ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് കുറ്റപ്പെടുത്തി.കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമപരമായിത്തന്നെ കാര്യങ്ങൾ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊന്നാനി ഡിവൈഎസ്പിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പരാതിക്കാരി തന്റെ അടുത്തെത്തിയത്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും പരാതി അന്വേഷിച്ചു. പിന്നീട് സ്ത്രീയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.പൊന്നാനി എസ് എച്ച് ഒ വിനോദിനെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതുമാണ്. ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകും. കേസ് സിബിഐ അന്വേഷിച്ചാലും നല്ലതെന്ന് സുജിത് ദാസ് ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം, മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസിനെതിരെയും എസ്‍എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം തള്ളുകയാണ് ഡിവൈഎസ്പി വിവി ബെന്നി.
വീട്ടമ്മയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും അന്ന് പരാതിയിൽ കഴമ്പ് ഇല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു. എസ്പിക്കാണ് ആദ്യം പരാതി ലഭിച്ചത്. മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയതുകൊണ്ടാണ് തനിക്കെതിരെയും പരാതി വന്നതെന്നും വി വി ബെന്നി വ്യക്തമാക്കി.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.