
സ്വന്തം ലേഖകൻ
വൈപ്പിൻ: നട്ടപ്പാതിരാക്കു കോതമംഗലത്തുനിന്നു വൈപ്പിനിലെത്തി പതിനേഴുകാരിയായ പ്ലസ്ടു വിദ്യാർഥിനിയെ വീടിനുള്ളിൽ വച്ചു പീഡിപ്പിച്ച യുവാവും കൂട്ടാളിയും അറസ്റ്റിൽ. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയെ തുടർന്നു ഞാറക്കൽ പോലീസാണു രണ്ടുപേരെയും അറസ്റ്റ്‌ചെയ്തത്. കോതമംഗലം കോട്ടപ്പടി സ്വദേശികളായ മേബിൻ (22), ഷൈജു (34) എന്നിവരാണു പ്രതികൾ.
മേബിൻ ആണു പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാൾക്കു സാഹയം ചെയ്തു എന്ന കുറ്റത്തിനാണു ഷൈജുവിനെതിരേ കേസുള്ളതെന്നു ഞാറക്കൽ സിഐ സി.ആർ. രാജു അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ഞാറക്കൽ എസ്‌ഐ ആർ. രഗീഷ് കുമാറും സംഘവും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ എളങ്കുന്നപ്പുഴ സംസ്ഥാനപാതയിൽനിന്നു ഷൈജുവിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ രീതിയിൽ കണ്ടു ചോദ്യം ചെയ്തപ്പോൾ സുഹൃത്തായ മേബിനുമൊന്നിച്ചു മേബിന്റെ കാമുകിയുടെ വീട്ടിൽ വന്നതാണെന്നു പറഞ്ഞു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ പെൺകുട്ടിയുടെ പിതാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുകയും വൈദ്യപരിശോധന നടത്തി കേസെടുക്കുകയുമായിരുന്നു. പെൺകുട്ടിയും യുവാവും രണ്ടുവർഷമായി പ്രണയത്തിലാണത്രേ. നേരത്തെ യുവാവ് എറണാകുളത്ത് ജോലി ചെയ്യവേയാണു പെൺകുട്ടിയെ പരിചയപ്പെട്ടതെന്നു പറയുന്നു. പെൺകുട്ടിയുടെ സഹോദരിയുടെ സഹപ്രവർത്തകനായിരുന്നു പ്രതിയെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.