ചങ്ങനാശേരി: പതിനേഴുകാരിയെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായ ശാരീരിക മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്ത മാതൃസഹോദരന്‍ പൊലീസ് പിടിയില്‍.
തൃക്കൊടിത്താനം കോട്ടമുറി പ്ലാംചുവടു മുളമൂട്ടില്‍ വീട്ടില്‍ പ്രവീണി(45)നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പ്രവീണിന്റെ സഹോദരിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരിക്കുന്നത്. സഹോദരിയുടെ കുടുംബപ്രശ്നം മൂലം മൂന്നുമാസം മുന്‍പ് പഠനാവശ്യത്തിനും മറ്റും സഹോദരിയുടെ കുട്ടിയെ തൃക്കൊടിത്താനത്തെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഇയാള്‍ വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ പെണ്‍കുട്ടിയെ മാനസികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. പലപ്പോഴും പെണ്‍കുട്ടി അയല്പക്കത്തെ വീടുകളില്‍ ആണ് രക്ഷ തേടിയിരുന്നത്. പലപ്പോഴും നാട്ടുകാര്‍ ഇയാളെ താക്കീതിം ചെയ്തിരുന്നു.
ഞായറാഴ്ച ഇയാള്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും കടുത്ത ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. കവുങ്ങിന്റെ വാരികമ്പുകൊണ്ടുള്ള അടിയേറ്റു ദേഹമാസകലം പാടുകളും ആയി തൊട്ടടുത്തുള്ള വീട്ടില്‍ രക്ഷപ്പെട്ടെത്തി വിവരം ധരിപ്പിച്ചതോടെയാണ് മാസങ്ങള്‍ ആയി തുടരുന്ന അമ്മാവന്റെ മര്‍ദ്ദനവും മാനസികപീഡനവും പുറത്തറിയുന്നത്. പെണ്‍കുട്ടിയെ പോലീസ് കോട്ടയം ചെല്‍ഡ് ലൈനിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചങ്ങനാശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.ഉദയകുമാര്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പൊന്‍കുന്നം സബ്ജയിലിലേക്ക് അയച്ചു.