സ്വന്തം ലേഖകൻ
ന്യൂയോർക്ക്: ലൈംഗികമായ ആക്രമണങ്ങൾ ഏറ്റിട്ടുണ്ടെങ്കിലും തുറന്നു പറയാൻ മടിക്കുന്ന സമൂഹത്തിൽ വ്യത്യസ്തയാകുകയാണ് പ്രശസ്ത സീരിയൽ താരം. താൻ ഇരുപത്തിരണ്ടു വയസിനിടെ രണ്ടു തവണ ബലാത്സംഗത്തിനിരയായതായും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തിയാണ് നടി ട്വിറ്ററിൽ പോസ്റ്റിട്ടത്. വെളിപ്പെടുത്തിയതിനു പിന്നാലെ നടി സോഷ്യൽ മീഡിയ വിട്ടു. വെസ്റ്റ് വേൾഡ് ടിവി സീരീസിലൂടെ പ്രശസ്തയായ നടി ഇവാൻ റേച്ചൽ വുഡ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ അവരുടെ ഒരു ട്വീറ്റ് കൂടി വന്നു. ഈ സംഭവങ്ങൾ തന്നെ ഇപ്പോഴും ബാധിക്കുന്നതായും തൽക്കാലത്തേക്ക് സോഷ്യൽ മീഡിയയിൽനിന്നും വിട പറയുന്നതായുമായിരുന്നു നടിയുടെ രണ്ടാം ട്വീറ്റ്.
രണ്ട് ബലാൽസംഗങ്ങൾ തന്നിലുണ്ടായ മാനസികാഘാതത്തിന്റെ ഫലമായി 22ാം വയസ്സിൽ ആത്മഹത്യാ ശ്രമം നടത്തിയതായും നടി വെളിപ്പെടുത്തിയിരുന്നു. നിശ്ശബ്ദയായി തുടരാൻ കഴിയാത്തതിനാലാണ് താൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇവാൻ റേച്ചൽ വുഡ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ പറഞ്ഞിരുന്നു.
ഇത് വാർത്തയാവുകയും വലിയ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ടുണ്ടാവുകയും ചെയ്തു. നടി പ്രശസ്തിക്കു വേണ്ടിയാണ് ഇപ്പോൾഈ വെളിപ്പെടുത്തൽ നടത്തിയതെന്നായിരുന്നു ചിലരുടെ സോഷ്യൽ മീഡിയാ പ്രതികരണം. ഇതിനു പിന്നാലെയാണ് നടി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഒഴിവാക്കിയത്
വർഷങ്ങൾക്കു മുമ്പാണ് ഈ സംഭവങ്ങൾ നടന്നതെന്ന് ഇവാൻ എഴുതിയിരുന്നു. ‘പങ്കാളി തന്നെയാണ് ആദ്യം ബലാൽസംഗം ചെയ്തത്. പങ്കാളിയുടെ ഭാഗത്തുനിന്നും അനുമതിയില്ലാതെ നടത്തുന്ന ലൈംഗികാതിക്രമം ബലാൽസംഗമാണോ എന്ന സംശയം കുറേ കഴിഞ്ഞാണ് തീർന്നത്. അതു ബലാൽസംഗം തന്നെയായിരുന്നു. ഒരു ബാർ ഉടമയാണ് രണ്ടാമത് ബലാൽസംഗം ചെയ്തത്. വേണ്ട വണ്ണം അതിനെ ചെറുത്തു നിൽക്കാൻ കഴിഞ്ഞിരുന്നില്ല. ആകെ ഭയപ്പെട്ടിരുന്നു. ഇതെല്ലാം ചേർന്നുള്ള മാനസിക അസ്വസ്ഥകളാണ് തന്നെ 22ാം വയസ്സിൽ ആത്മഹത്യാ ശ്രമത്തിൽ എത്തിച്ചതെന്നും ഇവാൻ എഴുതിയിരുന്നു.